KOYILANDY DIARY

The Perfect News Portal

കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിച്ച് സഞ്ചാരികൾ; നാല് വര്‍ഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി വേഗ ബോട്ട് സര്‍വീസ്

ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിച്ച് സഞ്ചാരികൾ. സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് നാല് വര്‍ഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാര്‍ച്ച് 10ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് തുടങ്ങിയത്. 1.90 കോടി രൂപയായിരുന്നു വേഗ നീറ്റില്‍ ഇറക്കിയപ്പോള്‍ ചെലവ്. ഒരു വര്‍ഷം കൊണ്ട് 2 കോടി പിന്നിട്ട വരുമാനം രണ്ടിരട്ടിയായി.

സ്വദേശത്തെയും വിദേശത്തെയും വിനോദ സഞ്ചാരികള്‍ വേഗയെ ഇഷ്ടപ്പെടുന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായി. വേഗയുടെ എസി മുറിയില്‍ 40 പേര്‍ക്കും നോണ്‍ എസിയില്‍ 60 പേര്‍ക്കും യാത്ര ചെയ്യാം. എസി ഒരാള്‍ക്ക് 600 രൂപയും നോണ്‍ എസി 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴയില്‍ നിന്നും ദിവസവും രാവിലെ 11 മണിക്ക് പുറപ്പെട്ട് പുന്നമട ഫിനിഷിങ് പോയിന്റ്, വേമ്പനാട്ട് കായല്‍, പാതിരാമണല്‍ തുരുത്ത്, മാര്‍ത്താണ്ഡം കായല്‍, സീ ബ്ലോക്ക്, കുപ്പപ്പുറം വഴി വൈകിട്ട് 4 ന് ആലപ്പുഴയില്‍ എത്തിച്ചേരും.

 

കൂടാതെ പാതിരാമണലിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കൂടാതെ ഉച്ചഭക്ഷണവും ബോട്ടില്‍ നല്‍കും. വേഗയുടെ യാത്രാ പാക്കേജ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെന്നു സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. 94000 50325 എന്ന നമ്പറില്‍ വേഗയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Advertisements