KOYILANDY DIARY.COM

The Perfect News Portal

എം എസ് സി എൽസ 3 കപ്പലപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

എം എസ് സിയുടെ എൽസ 3 കപ്പൽ മുങ്ങിയതിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കപ്പൽ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായത് ഗുരുതരമായ പാരിസ്ഥിതിക – സാമൂഹിക- സാമ്പത്തിക ആഘാതമെന്നും വിലയിരുത്തിയാണ് പ്രഖ്യാപനം. സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തിയതും എണ്ണ ചോർച്ചയും ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കേരളത്തിന്റെ തീരപ്രദേശത്ത് അടിഞ്ഞതും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് കാരണമായി.

ദുരന്തനിവാരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കി. കപ്പൽ മുങ്ങിയതിനെ തുടർന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട്, നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇന്നലെ അറിയിച്ചിരുന്നു.

 

കപ്പലപകടം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്‌നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisements

 

കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share news