സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം അറസ്റ്റിൽ, പിടിയിലായത് ധനുഷ് ചിത്രം രായൻ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ

സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തിയേറ്ററിൽ നിന്നും സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സ്വദേശികളാണ് പിടിയിലായത്. തമിഴ് ചിത്രം രായൻ തിരുവനന്തപുരത്തെ തീയേറ്ററിനുള്ളിൽ വെച്ച് മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

കാക്കനാട് ഇൻഫോപാർക്ക് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത് . തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണ് അന്വേഷണ സംഘത്തിൻ്റെ വലയിലായത്. തിയേറ്ററുകളിൽ നിന്ന് സിനിമ മൊബൈലിൽ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ പ്രചരിപ്പിക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം റിലീസ് ചെയ്തതിന്റെ രണ്ടാം ദിനം വ്യാജ പതിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.

അന്വേഷണത്തിൽ മൊബൈൽ ഫോണിൽ സിനിമ ചിത്രീകരിച്ചത് തിരുവനന്തപുരത്തെ തിയേറ്ററിൽ നിന്നാണ് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് തിയേറ്ററുടമയുടെ സഹായത്തോടെ നിരീക്ഷണം ആരംഭിച്ചു. മൊബൈൽ ഫോണുമായി തിയേറ്ററിലെത്തി സിനിമ പകർത്തുന്നതായിരുന്നു സംഘത്തിൻറെ രീതി.

പതിവായി തിയേറ്ററിൽ ഒരേ സീറ്റ് തന്നെ ബുക്ക് ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുറിച്ച് സൂചന നൽകിയത്. ഒടുവിൽ മൊബൈൽഫോണുമായി തീയേറ്ററിലെത്തി സിനിമ പകർത്തുന്നതിനിടെ പ്രതികൾ വലയിലായി. പ്രതികളെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ മാത്രം സംഘങ്ങളെ മറ്റ് അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

