KOYILANDY DIARY.COM

The Perfect News Portal

സ്വന്തം മക്കള്‍ക്ക് മദ്യം നല്‍കി, കാമുകന്റെ പീഡനത്തിന് കൂട്ടുനിന്ന് അമ്മ

പെരുമ്പാവൂര്‍ കുറുപ്പംപടി പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് കുറുപ്പംപടി പോലീസ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചതിനും പീഡന വിവരം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസ് എടുത്തത്. കുറുപ്പംപടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത പുതിയ കേസില്‍ മജിസ്‌ട്രേറ്റിന്റെ അനുമതി കൂടി വാങ്ങിയായിരുന്നു അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കി, പീഡനത്തിന് കൂട്ടുനിന്നു, പീഡന വിവരം മറച്ചുവെച്ചു, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ രാത്രി തന്നെ റിമാന്‍ഡ് ചെയ്തു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു.

 

പ്രതിയായ ധനേഷും ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്നലെ കുറുപ്പംപടി പോലീസ് അമ്മയെ ചോദ്യം ചെയ്തത്. ധനേഷ് തങ്ങളെ പീഡിപ്പിച്ച കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് കുട്ടികള്‍ സ്‌കൂളിലെ അധ്യാപികയോടും പറഞ്ഞിരുന്നു. അധ്യാപികയുടെയും കുട്ടികളുടെ സഹപാഠികളുടെയും മൊഴി അമ്മയുടെ അറസ്റ്റില്‍ നിര്‍ണായകമായി. പ്രതിയായ ധനേഷിനെ കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയമായ തെളിവെടുപ്പു കൂടി നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇയാള്‍ മറ്റ് ഏതെങ്കിലും കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Advertisements
Share news