മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു
ചെണ്ടുമല്ലികൾ മിഴി തുറന്നു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 7, 8, 9, 10, 11, 2, 16, 17 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൂ കൃഷി നടത്തിയത്. ഓരോ ഗ്രൂപ്പുകൾക്കും 1000 തൈകൾ കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്തു. കാർഷിക കർമസമതിയാണ് തൈകൾ തയ്യാറാക്കിയത്. കൃഷി വകുപ്പിൻ്റയും സഹായങ്ങൾ ലഭ്യമായി ശാസ്ത്രിയമായ കൃഷിരീതികളെപ്പറ്റി പരിശീലനം സംഘടിപ്പിച്ചു.

 ജൈവവളങ്ങളും നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കാനുള്ള സഹായവും കർഷകർക്ക് ലഭ്യമാക്കി. രണ്ട് നിറങ്ങളിലുള്ള പൂക്കളാണ് കൃഷി ചെയ്തത്. ഓണക്കാല വിപണി മുന്നിൽ കണ്ടാണ് കൃഷി ആരംഭിച്ചത്. പതിനൊന്ന് ഗ്രൂപ്പുകൾക്കും മികച്ച വിളവാണ് ഉണ്ടായത്. കനത്ത മഴ കൃഷിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായെങ്കിലും വെള്ളം കെട്ടി നിൽക്കാത്ത സ്ഥലങ്ങൾ തെരഞ്ഞെടുത്തത് കൊണ്ട് കാര്യമായി ബാധിച്ചിട്ടില്ല.

1  സൗഹൃദ സംഘം സാവിത്രി നീലഞ്ചേരി 
2  ഉദയം സംഘകൃഷി – ബിന്ദു കിഴക്കേ ചാലിൽ 
3  സമൃദ്ധി സംഘകൃഷി – രഞ്ജിത്ത് കണ്ടിയിൽ
4  കർഷക കാർഷിക കൂട്ടായ്മ  –  റഷീദ് എടത്തിൽ 
5  വെജ് ആൻഡ് പുഞ്ച – ഫൈസൽ ചെറുവത്ത് 
6  ജവാൻ കൃഷിക്കൂട്ടം – സത്യൻ ആമ്പിച്ചി കാട്ടിൽ 
7  C K G ഒരുവട്ടം കൂടി – ബാബു മാപ്പിള വീട്ടിൽ
8  വർണ്ണം ഗ്രൂപ്പ് – സുനിത
9  ഗ്രീൻലാൻഡ് – ബാബു രാജ് നാറാത്തൊടി 
10  ഒരുമ നാസർ നാരങ്ങോളി 
11  പൂത്താലം  സന്തോഷ് കുന്നുമ്മൽ എന്നീ ഗ്രൂപ്പകളാണ് കൃഷി ഇറക്കിയത് പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ കിയോസ്ക് ഉപയോഗപ്പെടുത്തുമെന്നും ഓൺലൈൻ വിപണന സാധ്യത പരിഗണിക്കാനും ഭാവിയിൽ പൂ കർഷകരുടെ കൺസോർഷ്യം രൂപീകരിച്ച് വിപണി സാധ്യത വിപുലീകരിക്കുമെന്നും പ്രസിഡണ്ട് സി.കെ. ശ്രീകുമാർ കൃഷി ഓഫീസർ ഫൗസിയ എന്നിവർ അറിയിച്ചു. 

പൂ കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് രണ്ടാം വാർഡിലെ ജവാൻ ഗ്രൂപ്പിൻ്റ കൃഷിയിടത്തിൽ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. കൃഷി ഓഫീസർ ഫൗസിയ, വാർഡ് മെമ്പർ ഉസ്ന, സെക്രട്ടറി എം. ഗിരീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത മൂടാടി, സഹകരണ ബാങ്ക് പ്രസിഡണ്ട് വിജയരാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സത്യൻ ആമ്പിച്ചിക്കാട് സ്വാഗതം പറഞ്ഞു.


                        

