KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശമന്ത്രാലയത്തിന്റെ അനുമതി

വാഷിംഗ്ടണ്‍: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശമന്ത്രാലയത്തിന്റെ അനുമതി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍, നോര്‍ക റസിഡന്റ് വൈസ് ചെയര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘവുമാണ് കേരളത്തില്‍ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.

ജൂണ്‍ 9, 10, 11 തീയ്യതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. നോര്‍ക്ക ഡയറക്ടര്‍മാരായ യൂസഫലി, രവി പിള്ള, ജെ കെ മേനോന്‍, ഒ വി മുസ്തഫ എന്നിവര്‍ സമ്മേളനത്തിനായി അമേരിക്കയിലേക്കെത്തുന്നു. ലോക കേരള സഭാമേഖലാ സമ്മേളനത്തിന് ശേഷം  അമേരിക്കന്‍ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ തയാറാക്കുന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്യും. ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.