KOYILANDY DIARY.COM

The Perfect News Portal

ലീലാമ്മയ്ക്ക് കണ്ണിൻറെ ശസ്ത്രക്രിയ ഉറപ്പാക്കി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ലീലാമ്മയ്ക്ക് കണ്ണിൻറെ ശസ്ത്രക്രിയ ഉറപ്പാക്കി മന്ത്രി വീണാ ജോർജ്. ലീലാമ്മയ്‌ക്ക് ഇനി ആരും കുടെയില്ലെന്ന തോന്നൽ വേണ്ട, ആരോ​ഗ്യമന്ത്രി വീണാ ജോർജിൻറെ ഇടപെടലിൽ കൂന്തള്ളൂർ സ്വദേശിയായ 71 കാരി ലീലാമ്മയുടെ കണ്ണിൻറെ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായം ഉറപ്പായി. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ലീലാമ്മ തൻറെ സങ്കടം മന്ത്രിയോട് പറഞ്ഞത്.

കണ്ണിന് ശസ്ത്രക്രിയ നടത്തണമെന്നും ആരും കൂടെകാണില്ലെന്നും ലീലാമ്മ മന്ത്രിയോട് പറഞ്ഞു. ഞങ്ങളെല്ലാം കൂടെയുണ്ട് വിഷമിക്കേണ്ടതില്ലെന്ന് ഉറപ്പു നൽകിയ മന്ത്രി ഉടൻ തന്നെ മന്ത്രി തിരുവനന്തപുരം കണ്ണാശുപത്രി (ആർഐഒ) സൂപ്രണ്ടിനെ വിളിച്ച് വേണ്ട സഹായം ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. കണ്ണാശുപത്രിയിൽ എത്താനും അവിടെ എല്ലാ സഹായവും ചെയ്യുമെന്നും ഉറപ്പ് നൽകി.

ലീലയ്ക്ക് തിമിരം ബാധിച്ച് വലത് കണ്ണിന് വർഷങ്ങൾക്ക് മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇടയ്ക്ക് രക്തം കട്ടപിടിച്ച് കാഴ്ചയ്ക്ക് പ്രശ്‌നമായി. കൂടാതെ ഇടതു കണ്ണിൻറെ കാഴ്ചയും മങ്ങി. കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. കൂടെ പോകാനും ആരുമില്ല, പണവും ബുദ്ധിമുട്ടാണ്. തിങ്കളാഴ്ച കണ്ണാശുപത്രിയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇതിനിടയ്ക്ക് തലവേദന കാരണമാണ് ചിറയിൻകീഴ് ആശുപത്രിയിൽ ലീല എത്തിയത്. അപ്പോഴാണ് മന്ത്രിയെ കാണുന്നതും സങ്കടം പറയുന്നതും. ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോയിരുന്നു. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് മകനെ വളർത്തിയത്. കൂലിപ്പണിക്കാരനായ മകനിൽ നിന്നും സഹായം കിട്ടുന്നില്ലെന്നും അവർ പറഞ്ഞു.
 

Advertisements
Share news