KOYILANDY DIARY.COM

The Perfect News Portal

കാണാതായ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി

ഓയൂരില്‍ നിന്ന് കാണാതായ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പൊലീസ് ഊര്‍ജിതമായി പരിശ്രമിക്കുന്നുണ്ട്. രാവിലെ എസ്പിയുമായും റൂറല്‍ എസ്പിയുമായും ബന്ധപ്പെട്ടിരുന്നു. രേഖാചിത്രത്തിലുള്ളത് പ്രതി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം പ്രതികള്‍ കേരളം വിട്ടുപോകാന്‍ സാധ്യതയില്ലെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണസംഘം ഇതിനോടകം 20ലധികം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കല്ലമ്പലം പിന്നിടുന്ന ദൃശ്യങ്ങളും ലഭിച്ചു. പതിനേഴ് മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ വിമല്‍ സുരേഷിന്റേതാണെന്നാണ് കണ്ടെത്തല്‍.

 

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാന്‍ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളില്‍ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക : 112 , 9946923282, 9495578999

Advertisements
Share news