KOYILANDY DIARY

The Perfect News Portal

ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ബംബര്‍ സഹായം

ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ബംബര്‍ സഹായം. മലബാര്‍ മില്‍മ വീണ്ടും അധിക പാല്‍ വില പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങള്‍ വഴി നല്‍കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക വിലയായി ലഭിക്കും. മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. മൂന്നു കോടി രൂപ ഈയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കും.

ഇതോടെ അധിക പാല്‍ വിലയായി മാര്‍ച്ച് മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകരില്‍ വന്നു ചേരുന്നത് 17 കോടി രൂപയാണ്. ഇതു വഴി ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍, വിഷു എന്നിവയെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ ലഭ്യമാക്കുന്നത് ബംബര്‍ സഹായമാണ്. മാര്‍ച്ച് മാസത്തില്‍ അളക്കുന്ന പാലിന് 4.00 രൂപ, 1.50 രൂപ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി 5.50 രൂപ അധിക പാല്‍വിലയായി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 1.50 രൂപ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇതോടെ മാര്‍ച്ച് മാസത്തില്‍ ഒരു ലിറ്റര്‍ പാലിന് കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി ഏഴ് രൂപ ലഭിക്കും. ഇതു കൂടി കൂടുമ്പോള്‍ ശരാശരി പ്രതിലിറ്റര്‍ പാല്‍ വില 52 രൂപ 45 പൈസയായി മാറും. 2023 -2024 സാമ്പത്തിക വര്‍ഷം ഇതുവരെ 52 കോടിയോളം രൂപയാണ് അധികപാല്‍ വില, കാലിത്തീറ്റ സബ്‌സിഡി എന്നീയിനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് ക്ഷീര മേഖലയിലെ അത്യപൂര്‍വ്വ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ പറഞ്ഞു.

Advertisements