KOYILANDY DIARY

The Perfect News Portal

കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്ക്

കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും. ഇനി അടുത്തത് ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലിന്റെ ഉദ്ഘാടനം. അതും ഉടനെ പ്രതീക്ഷിക്കാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നാല് വാട്ടർമെട്രോ ടെർമിനലുകളിൽ നിന്നും നാളെ മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. ഏലൂരിൽ നിന്നുള്ള കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ യാത്രയിൽ ജനപ്രതിനിധികൾക്കും മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ യഥാർത്ഥ നായകന്മാർക്കുമൊപ്പംമെന്നും മന്ത്രി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

നാലു ടെർമിനലുകൾ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലേക്കുള്ള യാത്ര ദുരിതത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. വാട്ടർ മെട്രോ അടക്കം കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം അവരുടേത് എന്ന രീതിയിൽ കേന്ദ്രസർക്കാർ പ്രചാരണം നടത്തുന്നു എന്ന് രൂക്ഷ വിമർശനമാണ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി ഉന്നയിച്ചത്.

 

കൊച്ചിയുടെ കായൽ സൗന്ദര്യം ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ദ്വീപുകളിലെ കാഴ്ചകൾ ഇനി വാട്ടർ മെട്രോയിലൂടെ കൺ കുളിർക്കേ കാണാം. നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന ആധിക്കും ദ്വീപ് നിവാസികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ ടെർമിനലുകൾ. മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ എത്തിയതോടെ വാട്ടർ മെട്രോയ്ക്ക് രണ്ടു റൂട്ടുകൾ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെർമിനൽ 5 റൂട്ടുകൾ 13 ബോട്ടുകൾ എന്നിവയാണ് പുതിയതായി നാടിന് സമർപ്പിച്ചിരിക്കുന്നത്.

Advertisements

 

സംസ്ഥാന സർക്കാർ ജർമ്മൻ ഫണ്ടിങ് ഏജൻസിയിൽ നിന്ന് വായ്പയെടുത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ക്രെഡിറ്റ്‌ അടിക്കാൻ കേന്ദ്ര സർക്കാർ ശ്രമം എന്നാണ് ചടങ്ങിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. 20 മുതൽ 40 രൂപ നിരക്കിലാകും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. ഞായറാഴ്ചയാണ് പൊതുജനങ്ങൾക്ക് ഈ റൂട്ടിൽ യാത്രാ സർവ്വീസ് തുടങ്ങുക.