KOYILANDY DIARY

The Perfect News Portal

മൂവായിരം പരിസ്ഥിതി ദിനപ്പതിപ്പുമായി മേപ്പയൂർ ഹൈസ്കൂൾ

മേപ്പയൂർ: മൂവായിരം പരിസ്ഥിതി ദിനപ്പതിപ്പുമായി മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി വാരാചരണം വേറിട്ട അനുഭവമായി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയാണ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ 3000 പരിസ്ഥിതിപ്പതിപ്പുകൾ പ്രകാശനം ചെയ്തു കൊണ്ട് വ്യത്യസ്ത പ്രവർത്തനം നടത്തിയത്.
വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന സർഗ്ഗവാസനകൾ വളരുന്നതിന് അനുഗുണമായ വിധത്തിലാണ് പരിസ്ഥിതി വിഷയമാക്കിക്കൊണ്ട് കുഞ്ഞു പതിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം സംഘടിപ്പിച്ചത്.
ഓരോ പതിപ്പും കുട്ടികളുടെ വൈവിധ്യവും വൈചിത്ര്യവുമാർന്ന സർഗ്ഗവാസനകളുടെ ആവിഷ്കാരമായി തീർന്നു. പതിപ്പിന്റെ പ്രദർശനവും നടന്നു. പ്രകൃതിയെ സ്നേഹിക്കാനും സേവിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർന്നുവരുന്നതിന് ഈ പ്രവർത്തനം ഏറെ സഹായകമായി. ഓരോ കുട്ടിയും ഓരോ കുഞ്ഞു പതിപ്പ് വ്യത്യസ്ത രീതിയിൽ നിർമ്മിച്ചാണ് പതിപ്പ് പ്രദർശനം നടത്തിയത്. പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി പതിപ്പ് പ്രകാശനം ചെയ്തു.
Advertisements
പി.ടി.എ. പ്രസിഡണ്ട് എം.എം. ബാബു അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ നിഷിദ് കെ., അഡീഷണൽ ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ അർച്ചന സ്റ്റാഫ് സെക്രട്ടറി പ്രകാശൻ, SRG കൺവീനർ ഷൈജ കെ. ഒ, സീനിയർ അസിസ്റ്റന്റ് എം.എസ്. പുഷ്പജം, ദിനേശ് പാഞ്ചേരി, കെ. എം. മുഹമ്മദ്, സതീശൻ വി. പി, റഹ്‌മാൻ കൊഴുക്കല്ലൂർ പത്മൻ കാരയാട് എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എം.എം. സക്കീർ സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ അഷറഫ് എം നന്ദിയും പറഞ്ഞു.
യു.പി. ക്ലാസിലെ ലക്ഷ്മി വരേണ്യ സുഗതകുമാരിയുടെ കവിത ചൊല്ലിക്കൊണ്ട് ചടങ്ങ് മനോഹരമാക്കി.