ആർസെനലിനെ രണ്ട് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് സ്വന്തമാക്കി
.
പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആർസെനലിനെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് സ്വന്തം പേരിലാക്കി. ലണ്ടനിലെ ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിക്കോ ഒ’റെയ്‌ലി രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് കപ്പ് മാഞ്ചെസ്റ്ററിലെത്തിച്ചത്.

ഇരു ടീമുകളും ജാഗ്രതയോടെ കളിച്ച ആദ്യ പകുതിയ്ക്കു ശേഷം രണ്ടാം പകുതിയിൽ പരിശീലകൻ പെപ് ഗാർഡിയോള വരുത്തിയ തന്ത്രപരമായ മാറ്റങ്ങളാണ് കളിയുടെ ഗതി മാറ്റിയത്. യുവതാരം നിക്കോ ഒറൈലി അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച് നേടിയ രണ്ട് ഗോളുകൾക്ക് മറുപടി നല്കാൻ ആർസെനലിന് സാധിച്ചില്ല.

സീസണിലുടനീളം മികച്ച ഫോമിലുള്ള ആർസെനലിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അവർക്ക് കഴിഞ്ഞില്ല. കളിയിലുടനീളം ലഭിച്ച അനവധി അവസരങ്ങൾ പാഴാക്കിയ ടീമിന് നിരാശരായി കളം വിടേണ്ടി വന്നു. പ്രീമിയർ ലീഗ് കിരീടം ഇത്തവണയും നേടാൻ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം നൽകുന്നതാണ് ഈ കിരീടം.




