KOYILANDY DIARY.COM

The Perfect News Portal

ജോലിക്കായി എത്തിയ മലയാളികൾ ഇറാൻ തുറമുഖത്ത് കുടുങ്ങി; കപ്പലിന് 500 മീറ്റർ അകലെ മിസൈൽ പതിച്ചതായി വിവരം

.

തിരുവനന്തപുരം: ജോലിക്കായി ഇറാനിലെത്തിയ പത്തോളം മലയാളികൾ തുറമുഖത്ത് കുടുങ്ങി. മെർച്ചന്റ് ജോലിക്കായി ഇറാനിലെത്തിയ കൊല്ലം, എറണാകുളം, ആലപ്പുഴ ഉൾപ്പടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് ഇറാനിലെ ഖോറാംഷഹർ തുറമുഖത്ത് കുടുങ്ങിയത്. ഇവർ കുടുങ്ങിക്കിടക്കുന്ന കപ്പലിന് അഞ്ഞൂറ് മീറ്റർ അകലെവരെ മിസൈൽ പതിച്ചതായാണ് വിവരം.

 

തുറമുഖത്തിന് സമീപം മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങളും ഇവർ പകർത്തിയിട്ടുണ്ട്. പേടിച്ച് വിറച്ച് എല്ലാവരും ഓടിയെന്നും മിസൈൽ വീണ പ്രകമ്പനത്തിൽ കപ്പൽ പോലും കിടന്നു കുലുങ്ങുകയായിരുന്നു അത്രയും അടുത്താണ് പതിച്ചതെന്നും കുടുങ്ങിക്കിടക്കുന്ന കൊല്ലം സ്വദേശി മുഹമ്മദ് ബിലാലിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നിലവിൽ ഇവർ തുറമുഖത്തെ
ചെറുബോട്ടിലാണ് കഴിയുന്നതെന്നാണ് ലഭിച്ച വിവരം. എത്രയും വേഗം തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് യുവാക്കൾ ഉന്നയിച്ചത്. കമ്പനികളോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നാണ് വിവരം.

Advertisements

മകൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും അവരെല്ലാം ഭയത്തിലാണെന്നും മുഹമ്മദ് ബിലാലിന്റെ മാതാവ് പറഞ്ഞു. മകൻ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമമൊന്നും ഇതുവരെ ആയിട്ടില്ലെന്നും എങ്ങും പോകാനാകാതെ അവർ പ്രതിസന്ധിയിലാണെന്നും മാതാവ് വ്യക്തമാക്കി. ബോട്ടിൽ പതിനൊന്ന് മലയാളികൾ ഉണ്ടെന്നാണ് പറഞ്ഞത്. മകൻ ഇറാനിലേക്ക് പോയിട്ട് അഞ്ച് മാസമായി. ക്യാപ്റ്റനും ഏജന്റും കഴിഞ്ഞ ദിവസം വന്നിരുന്നുവെന്നും വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതോടെ ഉടൻ നാട്ടിലേക്ക് അയക്കാമെന്നാണ് അവർ അറിയിച്ചിട്ടുള്ളതെന്നും മാതാവ് പറഞ്ഞു

Share news