മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരി പി വത്സല (85) അന്തരിച്ചു
കോഴിക്കോട്: മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരി പി വത്സല (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. മകൾ ഹോമിയോ ഡോക്ടർ മിനിയുടെ മുക്കത്തെ വീട്ടിലായിരുന്നു താമസം. സംസ്കാരം മകൻ ഡോ. അരുൺ മാറോളി ന്യൂയോർക്കിൽ നിന്ന് എത്തിയശേഷം. അടിമച്ചങ്ങലയിൽ തളയ്ക്കപ്പെട്ട കാടിന്റെ മക്കളുടെ കദന ജീവിതം പറഞ്ഞ എഴുത്തുകാരിയായിരുന്നു പി വത്സല.
കാടകങ്ങളിലെ അടിയാന്മാരുടെയും വീട്ടകങ്ങളിലെ പെണ്ണിന്റെയും വേദനകളുടെ പൊള്ളുന്ന അനുഭവങ്ങൾ അക്ഷരങ്ങളിൽ കോർത്ത് മണ്ണിന്റെ ഗന്ധമുള്ള നിരവധി കഥകളും കഥാപാത്രങ്ങളുമാണ് പി വത്സലയുടെ തൂലികയിൽ ഉയിർകൊണ്ടത്. തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ ദുരിതങ്ങൾ ഒപ്പിയെടുത്ത നോവൽ ‘നെല്ല് ’ ആദ്യ ശ്രദ്ധേയ രചനയാണ്. ഇത് പിന്നീട് വെള്ളിത്തിരയിലുമെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ‘മറുപുറം’ എന്ന നോവലിന്റെ രചനക്കിടെയാണ് ആരോഗ്യം ക്ഷയിച്ചത്.

നിഴലുറങ്ങുന്ന വഴികൾ, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികൾ. പതിനേഴ് നോവലുകളും മുന്നൂറിലേറെ ചെറുകഥകളും യാത്രാവിവരണങ്ങളും ബാലസാഹിത്യ കൃതികളും എഴുതി. സമഗ്ര സംഭാവനയ്ക്ക് 2021ൽ എഴുത്തച്ഛൻ പുരസ്കാരവും ‘നിഴലുറങ്ങുന്ന വഴികൾ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. 2019ൽ വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിച്ചു. പരേതരായ കാനങ്ങോട്ട് ചന്തുവിന്റെയും ഇ പത്മാവതിയുടെയും മകളായി 1938 ഏപ്രിൽ നാലിന് കോഴിക്കോട് ജനനം. കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളിൽ പ്രധാനാധ്യാപികയായി വിരമിച്ചു. ഭർത്താവ്: എം അപ്പുക്കുട്ടി. മക്കൾ: അരുൺ മാറോളി (ന്യൂയോർക്ക്), ഡോ. മിനി. മരുമക്കൾ: ഡോ. നീനാ കുമാർ, അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാർ.

