ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പഴുതടച്ച് പ്രതിരോധം

വടകര: നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പഴുതടച്ച് പ്രതിരോധം. രോഗവ്യാപന സാധ്യത തടയാൻ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഇരു പഞ്ചായത്തുകളിലെയും വാർഡുകളിൽ നിലവിലെ സ്ഥിതിഗതി തൃപ്തികരമാണെന്ന് ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ആരോഗ്യ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിലയിരുത്തി.

ജാഗ്രതാ പ്രവർത്തനം ശക്തിപ്പെടുത്താൻ തിരുവള്ളൂർ പഞ്ചായത്ത് വള്ള്യാട് യുപി സ്കൂളിൽ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. ആരോഗ്യ വളണ്ടിയർമാർ കണ്ടെയിൻമെൻറ് സോണിലെ മുഴുവൻ വീടുകളും സന്ദർശിച്ച് പനി അടക്കമുള്ള അസുഖങ്ങളെ തിരച്ചറിയാനും ബോധവൽക്കരണത്തിനും രംഗത്തിറങ്ങും. വാർഡുകളിൽ യാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനും തീരുമാനമായി. ആയഞ്ചേരി പഞ്ചായത്തിലെ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച 2, 3, 13, 14 വാർഡുകളിൽ പഞ്ചായത്തംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവരശേഖരണം ആരംഭിച്ചു.

സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി അവരെ ഹോം ക്വാറന്റൈനിൽ നിർത്തും. ചുമ, പനി, ഛർദി, തലകറക്കം പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരെ സർവേയിലൂടെ കണ്ടെത്തും. വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടെങ്കിൽ പഞ്ചായത്തംഗങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ വിളിക്കാനും നിർദേശിക്കുന്നുണ്ട്. ബുധൻ ഉച്ചയോടെ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം സാംക്രമിക രോഗനിയന്ത്രണ കോ ഓർഡിനേറ്റർ ഡോ. ബിന്ദു, ഡോ. രജസി, ഡോ. കെ വി അമൃത, ഡോ. സാജൻ എന്നിവരടങ്ങിയ സംഘം മംഗലാട്ടെ മരണ വീട് സന്ദർശിച്ച് വിവരം ശേഖരിച്ചു.

വീട്ടു പറമ്പിൽ നിന്നും വവ്വാലുകൾ കടിച്ചിട്ട അടക്കകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വവ്വാലുകൾ കടിച്ച പഴങ്ങൾ, അടക്കകൾ തുടങ്ങിയവ കൈകൊണ്ട് സ്പർശിച്ചാൽ കൈകൾ സോപ്പിട്ട് കഴുകണമെന്ന് സംഘം നിർദേശിച്ചു. മംഗലാട്ടുള്ള വാഹനഗതാഗതം വടകര സിഐ പി (എം) മനോജിൻറെ നേതൃത്വത്തിൽ അടച്ച് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. യോഗത്തിൽ തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷയായി.
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു, വടകര ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്, വടകര സിഐ പി എം മനോജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീർ, മെഡിക്കൽ ഓഫീസർ ഡോ. ചെറിയാൻ, പി അബ്ദുറഹ്മാൻ, അഷ്റഫ് വെള്ളിക്കാട്ട്, ബവിത്ത് മലോൽ, കെ സി നബീല എന്നിവർ സംസാരിച്ചു.
