KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പ തട്ടിപ്പ്‌: വഞ്ചനയുടെ ആഴം വെളിവാക്കി കുറ്റപത്രം

കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പ തട്ടിപ്പ്‌. പുൽപ്പള്ളി സഹകരണ ബാങ്കിൽ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ വായ്‌പ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ്‌ വിജിലൻസ്‌ കുറ്റപത്രം. തലശേരി കോടതിയിൽ നൽകിയ ആയിരം പേജുള്ള കുറ്റപത്രത്തിൽ തട്ടിപ്പിന്റെ ഗുഢാലോചനയുൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്‌. വ്യാജരേഖകൾ ചമച്ചും കർഷകരെ വഞ്ചിച്ചുമാണ്‌ കോടികൾ തട്ടിയത്‌. സാക്ഷി മൊഴികളും 242 അനുബന്ധ രേഖകളും കുറ്റപത്രത്തിനൊപ്പം വിജലൻസ്‌ കോടതിയിൽ നൽകിയിട്ടുണ്ട്‌.
സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ പൂർണമായും ശരിവയ്‌ക്കുന്നതാണ്‌ വിജിലൻസിന്റെ കുറ്റപത്രം. 2015 മുതൽ 2018വരെയുള്ള കാലയളവിലെ ക്രമേക്കടുകളാണ്‌ അന്വേഷിച്ചത്‌. 5.62 കോടി രൂപയുടെ വായ്‌പ തട്ടിപ്പ്‌ നടത്തിയതായി വിജിലൻസ്‌ കണ്ടെത്തി.
Advertisements
42 വായ്‌പകളിലായിട്ടായിരുന്നു കൊള്ള. സഹകരണ നിയമം വകുപ്പ്‌ 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ 7.26 കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌. വിജിലൻസ്‌ അന്വേഷിച്ചതിന്‌ മുമ്പും ശേഷവുമുള്ള  ചില വായ്‌പകളും സഹകരണ വകുപ്പിന്റെ  അന്വേഷണത്തിലുണ്ടായിരുന്നു. കൂടാതെ വായ്‌പാ തുകയുടെ പലിശയും ഉൾപ്പെടുത്തിയാണ്‌ വകുപ്പ്‌ നഷ്ടം കണക്കാക്കിയത്‌. പുൽപ്പള്ളി പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത ക്രമിനിൽ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്‌. വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരാത്ത വായ്‌പ തട്ടിപ്പ്‌ ഈ കേസിൽ അന്വേഷിക്കും.
വായ്‌പ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലും ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം ഉണ്ടാകും. ഈ രണ്ടു കേസുകളിലുമായാണ്‌ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനെയും ബാങ്ക്‌ മുൻ സെക്രട്ടറി രമാദേവിയെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഈട്‌ വസ്‌തുവിന്റെ മൂല്യം പെരുപ്പിച്ചുകാട്ടി ബാങ്ക്‌ പരിധിക്ക്‌ പുറത്തുള്ള ആളുകളുടെ പേരിലും വെട്ടിപ്പ്‌ നടത്തിയതായി കുറ്റപത്രത്തിലുണ്ട്‌. കെ കെ അബ്രഹാമിന്റെ ബിനാമിയായ സജീവൻ കൊല്ലപ്പള്ളിയാണ്‌ മുഖ്യസൂത്രധാരനെന്നാണ്‌ കുറ്റപത്രത്തിലുള്ളത്‌.