KOYILANDY DIARY.COM

The Perfect News Portal

ലിറ്റിൽ കൈറ്റ്‌സ്‌ സംസ്ഥാന ക്യാമ്പ്‌ തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പിന്‌ തുടക്കം. ഇടപ്പള്ളി കൈറ്റ്‌ റീജണൽ സെന്ററിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷം കംപ്യൂട്ടറുകളിൽ ഉപയോഗിക്കാനായി തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റം സ്യൂട്ട്‌ മന്ത്രി പ്രകാശിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, യൂണിസെഫ് സോഷ്യൽ പോളിസി ചീഫ് ഡോ. കെ എൽ റാവു, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, ഐസിഫോസ് ഡയറക്ടർ ഡോ. ടി ടി സുനിൽ, യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ, റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക കുട്ടികളുമായി സംവദിച്ചു. 24ന്‌ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് കുട്ടികളുമായി സംവദിക്കും. ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽനിന്ന്‌ തെരഞ്ഞെടുത്ത 130 കുട്ടികളാണ് യൂണിസെഫിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പിലുള്ളത്‌.

 

സാങ്കേതികരംഗത്തെ മാറ്റങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾകൂടി സ്കൂളുകളിൽ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ നൽകിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകൾക്കുപുറമെയാണിത്. ഒക്ടോബറോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇടപ്പള്ളി കൈറ്റ്‌ റീജണൽ സെന്ററിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്‌ഘാടനവും കൈറ്റ് ഗ്നൂ ലിനക്സ് 22.04 പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് പ്രകാശിപ്പിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisements

 

പ്രഥമ സ്കൂൾ ഒളിമ്പിക്‌സ് പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ്‌ വളന്റിയർമാരെ ഭാഗമാക്കും. കൂടുതൽ സാങ്കേതികവിദഗ്‌ധരെ പങ്കെടുപ്പിച്ച്‌ ദേശീയാടിസ്ഥാനത്തിൽ ക്യാമ്പ് നടത്താനും ആലോചിക്കുന്നുണ്ട്‌. നിർമിതബുദ്ധിയുടെ പുതിയ സാധ്യതകൾ പഠിക്കാൻ വിദ്യാർത്ഥികളെ കേരളത്തിന്‌ പുറത്തേക്ക്‌ അയക്കുന്നത്‌ പരിഗണിക്കും. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ സിഡിയിലാക്കി സ്കൂളുകളിലേക്ക്‌ നൽകും. പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കാനും സിഡികൾ വിൽക്കാനും അവസരമൊരുക്കും. ഇതിലൂടെ ലഭിക്കുന്ന പ്രതിഫലം വയനാട് ദുരിതബാധിതർക്ക്‌ നൽകുന്ന രീതിയിൽ ക്യാമ്പയിൻ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

അടുത്തവർഷം 8, 9, 10 ക്ലാസുകളിലെ പുസ്തകങ്ങളിൽ നിർമിതബുദ്ധിയും റോബോട്ടിക്‌സും ഉൾപ്പെടുത്തും. പ്രൈമറിതലത്തിൽ ഐസിടി (ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്‌നോളജി) പഠിപ്പിക്കാൻ തയ്യാറാക്കിയ കളിപ്പെട്ടി, ഇ@വിദ്യ എന്നിവയുടെ ക്ലാസ്‌റൂം വിനിമയം കാര്യക്ഷമമായി നടപ്പാക്കാൻ കർശനമായ മോണിറ്ററിങ് പൊതുവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തും. കൈറ്റിനെക്കുറിച്ച്‌ യുണിസെഫ്‌ ഈയിടെ നടത്തിയ പഠനം ആത്മവിശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.

എന്താണ് “കൈറ്റ് ഗ്നൂ ലിനക്‌സ് 22.04′

സ്വതന്ത്ര ജനകീയ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്തതാണ്‌ “കൈറ്റ് ഗ്നു ലിനക്‌സ് 22.04′. ഈ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ടിൽ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കുന്ന ജി-–-കോമ്പ്രിസ്, ടക്‌സ്‌പെയിന്റ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, എജുആക്ടിവേറ്റ്, ജിയോജിബ്ര, സ്‌ക്രാച്ച് ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, കംപ്യൂട്ടര്‍ വിഷന്‍ തുടങ്ങിയവയിൽ പ്രാഥമികധാരണകള്‍ നേടാനുള്ള ടൂളുകളുമുണ്ട്‌.

മലയാളം കംപ്യൂട്ടിങ്ങിനുള്ള സംവിധാനങ്ങളും ഇ-–-ബുക്ക് റീഡര്‍, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയര്‍, സൗണ്ട്- റെക്കോഡിങ്––വീഡിയോ എഡിറ്റിങ്––ത്രീഡി അനിമേഷന്‍ പാക്കേജുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ തുടങ്ങിയവയുമുണ്ട്. കൈറ്റ് വെബ്‌സൈറ്റിലെ kite.kerala.gov.in ഡൗണ്‍ലോഡ്‌സ് ലിങ്കില്‍നിന്ന്‌ ഒഎസ് സ്യൂട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

Share news