KOYILANDY DIARY.COM

The Perfect News Portal

ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പ്‌ നാളെമുതൽ; മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും

കൊച്ചി: ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളിൽ ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജണൽ റിസോഴ്സ് കേന്ദ്രത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കൈറ്റ് തയ്യാറാക്കിയ കൈറ്റ് ജിഎൻയു ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. ജില്ലാ ക്യാമ്പിൽനിന്ന്‌ തെരഞ്ഞെടുത്ത 130 കുട്ടികൾ പങ്കെടുക്കും. വൈകിട്ട് ആറിന് വ്യവസായമന്ത്രി പി രാജീവ് ക്യാമ്പ്‌ അംഗങ്ങളുമായി സംവദിക്കും.

വെള്ളിയാഴ്ച രാവിലെ പത്തുമുതൽ കുട്ടികളുടെ അനിമേഷൻ, റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടാകും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, യൂണിസെഫ് സോഷ്യൽ പോളിസി ചീഫ് ഡോ. കെ എൽ റാവു, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, ഐസിഫോസ് ഡയറക്ടർ ഡോ. ടി ടി സുനിൽ, യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ എന്നിവർ ആദ്യദിവസം ക്ലാസുകൾ നയിക്കും. തുടർന്ന്‌ സ്റ്റാർട്ടപ് മിഷനിലെ ഫാബ്‍ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിക്കും. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക കുട്ടികളുമായി സംവദിക്കും.

ശനിയാഴ്‌ച സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ടും അനിമേഷനെക്കുറിച്ച്‌ പി വൈ സുധീറും ക്ലാസെടുക്കും. രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്‌ ‘ലിറ്റിൽ കൈറ്റ്സ്’. കേരളത്തിലെ 2219 പൊതുവിദ്യാലയങ്ങളിലെ 1.9 ലക്ഷം കുട്ടികൾ കൂട്ടായ്‌മയിലെ അംഗങ്ങളാണ്.

Advertisements

 

Share news