KOYILANDY DIARY.COM

The Perfect News Portal

വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം’ പദ്ധതിക്ക് കോട്ടൂർ എ.യു.പി. സ്കൂളിൽ തുടക്കമായി

നടുവണ്ണൂർ: വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം’ പദ്ധതിക്ക് കോട്ടൂർ എ.യു.പി. സ്കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കുന്നരം വള്ളി പെരുവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 
വായനശാലയ്ക്ക് കീഴിൽ വരുന്ന ഏക യു.പി. സ്കൂളാണ് കോട്ടൂർ എ.യു.പി.സ്കൂൾ. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങൾക്ക് ആസ്വാദന കുറിപ്പ് എഴുതി സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കാം. ഒരു കുട്ടിക്ക് എത്ര ആസ്വാദന കുറിപ്പുകൾ വേണമെങ്കിലും എഴുതാം. 
എല്ലാ മാസവും ഒന്നാം തീയതി സ്കൂളിൽ എത്തുന്ന വായനശാല പ്രവർത്തകർ ആസ്വാദന കുറിപ്പുകൾ ശേഖരിച്ച് വിലയിരുത്തൽ നടത്തി മികച്ച ആസ്വാദന കുതിപ്പിന് ക്യാഷ് പ്രൈസ് നല്കുന്നു. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 
സ്കൂളിൽ സ്ഥാപിക്കുവാനുള്ള എഴുത്തുപെട്ടി വായനശാല സെക്രട്ടറി ഇ.ഗോവിന്ദൻ നമ്പീശനിൽ നിന്നും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശിഖാ സുധീഷ്, സ്കൂൾ ലീഡർ ആനിയ എന്നിവർ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ കെ.സദാനന്ദൻ, പ്രധാനാദ്ധ്യാപിക ശ്രീജ ആർ, സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ജിതേഷ് എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Share news