ആട്ടവും പാട്ടുമായി അവധിക്കാലം മനോഹരമാക്കി ‘കുട്ടിക്കളിയാട്ടം’

കോഴിക്കോട്: ആട്ടവും പാട്ടുമായി പൂക്കാട് കലാലയത്തിൽ കുരുന്നുകൾക്കായി ഒരുക്കിയ കുട്ടിക്കളിയാട്ടം ശ്രദ്ധേയമായി. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നായി നിരവധി വിദ്യാർത്ഥികളാണ് പരിപാടിയുടെ ഭാഗമായത്. അവധിക്കാലം കുരുന്നുകൾക്ക് അനിർവ്വചനീയമായ അനുഭവങ്ങൾ സമ്മാനിക്കുകയാണ് പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന കളിയാട്ടം എന്ന ക്യാമ്പ്. ചെറിയ കുട്ടികൾക്ക് 3 ദിവസമുള്ള കുട്ടികളിയാട്ടവും വയസ്സിന് മുകളിലുള്ളവർക്ക് 7 ദിവസത്തെ കളിയാട്ടവും ആട്ടവും പാട്ടും കഥയും കളിയും അഭിനയവുമായി മനോഹര നിമിഷങ്ങൾ സമ്മാനിച്ചു.

നാടകപ്രവർത്തകനും സംവിധായകനുമായ മനോജ് നാരായണനാണ് കലാലയം പ്രവർത്തകർക്കൊപ്പം ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഏഴ് ദിവസവും നടക്കുന്ന നാടകോത്സവം ഈ ഒത്തുചേരലിൻ്റെ മാറ്റ്കൂട്ടുന്നു. പ്രതീക്ഷയുള്ള ഒരുതലമുറയെ വാർത്തെടുക്കാൻ പൂക്കാട് കലാലയം വർഷങ്ങളായി നടത്തിവരുന്ന ഈ സാംസ്കാരിക പ്രവർത്തനത്തിൽ കേരളത്തിന്‍റെ പലയിടങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ എത്തിച്ചേരുന്നുണ്ട്.

