KOYILANDY DIARY.COM

The Perfect News Portal

എൻഐടി അധ്യാപികയുടെ ഫെയ്സ്ബുക് അക്കൗണ്ട് വിവരം തേടി കുന്നമംഗലം പൊലീസ്

കുന്നമംഗലം: രാജ്യദ്രോഹ പരാമർശം നടത്തിയ എൻഐടി അധ്യാപിക ഡോ. ഷൈജ എ ആണ്ടവന്റെ ഫെയ്സ്ബുക് അക്കൗണ്ട് വിവരം തേടി കുന്നമംഗലം പൊലീസ്. തുടർനടപടികളുടെ ഭാഗമായാണ് സൈബർ സെല്ലിന്റെയും മെറ്റയുടെയും സഹായം തേടിയത്. അധ്യാപികയുടെ ഫെയ്സ്ബുക് അക്കൗണ്ട് വിവരങ്ങളും ഐപി അഡ്രസും ആവശ്യപ്പെട്ടിട്ടുണ്ട്‌. മൊഴി രേഖപ്പെടുത്താൻ പൊലീസ് തിങ്കളാഴ്ച എൻഐടി ക്യാമ്പസിൽ എത്തിയെങ്കിലും അധ്യാപിക കോളേജിൽ വരാത്തതിനാൽ ഇവരുടെ വിവരം നൽകാൻ എൻഐടി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.

രാജ്യദ്രോഹ പരാമർശം സംബന്ധിച്ച്‌  ഇവരോട് എൻഐടി അധികാരികളും  വിശദീകരണം തേടിയിരുന്നു. നാഥുറാം വിനായക് ഗോഡ്സെയുടെ ചിത്രത്തിന് താഴെ ഗാന്ധി വധത്തിലൂടെ ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്ന് മുഖപുസ്തകത്തിൽ കമന്റിട്ടതിനെ തുടർന്നാണ് എസ്എഫ്ഐ പൊലീസിൽ പരാതിനൽകിയത്. വിവാദമായതിനെ തുടർന്ന്‌ ഇവർ എഫ്‌ബിയിലെ കമന്റ്‌ നീക്കിയെങ്കിലും അഭിപ്രായം തേടിയ മാധ്യമ പ്രവർത്തകനോട് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പറഞ്ഞത്. എൻഐടിയിലെ ഇന്റേൺ കംപ്ലെയിന്റ്‌ സെൽ‌ മേധാവിയാണ് ഇവർ. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കുന്നമംഗലം സിഐ എസ് ശ്രീകുമാർ പറഞ്ഞു.

Share news