KOYILANDY DIARY.COM

The Perfect News Portal

കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കെഎസ്‌ഇബി പദ്ധതി ടെൻഡർ നടപടിയിലേക്ക്‌

കൊല്ലം: കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കെഎസ്‌ഇബി പദ്ധതി ടെൻഡർ നടപടിയിലേക്ക്‌. കാറ്റാടിപ്പാടങ്ങളിൽനിന്ന്‌ 300 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ടെൻഡർ അനുമതിക്കായി കെഎസ്‌ഇബി കേരള റഗുലേറ്ററി കമീഷണർക്ക്‌ ഉടൻ റിപ്പോർട്ട്‌ നൽകും. പാലക്കാട്‌, ഇടുക്കി മേഖലയിൽ അനുയോജ്യമായ റവന്യൂ ഭൂമി പാട്ടത്തിനെടുത്താണ്‌ കാറ്റാടിയന്ത്രം സ്ഥാപിക്കുക. സെക്കൻഡിൽ എട്ടുമീറ്റർ വേഗതയുള്ള കാറ്റിൽനിന്നാണ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുക. 750 കിലോവാട്ട്‌ ശേഷിയുള്ള യന്ത്രങ്ങളാണ്‌ പരിഗണിക്കുന്നത്‌.

ഒരു മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഏഴുകോടി രൂപയാണ്‌ ചെലവ് രാമക്കൽമേട്, അട്ടപ്പാടി, പാലക്കാട്, പൂവാർ, വിഴിഞ്ഞം, പൊന്മുടി ഉൾപ്പെടെ 15 സ്ഥലങ്ങൾ കാറ്റാടി യൂണിറ്റിനു അനുയോജ്യമാണെന്ന്‌ പദ്ധതിയുടെ നോഡൽ ഏജൻസിയായ അനെർട്ട്‌ എൻഐഡബ്ല്യുഇയുമായി ചേർന്ന്‌ നടത്തിയ സാധ്യതാ പഠനത്തിൽ കണ്ടെത്തി. പൊൻമുടിയിൽ യന്ത്രം സ്ഥാപിക്കുന്നതിന്‌ വനംവകുപ്പിന്റെ അനുമതി വേണം.

 

100 മീറ്റർ ഉയരത്തിൽ കാറ്റാടി യന്ത്രം സ്ഥാപിച്ച്‌ 1700 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് വിൻഡ് എനർജി (എൻഐഡബ്ല്യുഇ)യുടെ പ്രാഥമിക പഠനത്തിൽ കണ്ടെത്തിയിരുന്നു. 80 മുതൽ 120 മീറ്റർവരെ ഉയരത്തിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനാണ്‌ കെഎസ്‌ഇബിയുടെ ലക്ഷ്യം.

Advertisements

 

 

Share news