KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോടിന്റെ സ്‌നേഹക്കൂട്‌’ പദ്ധതി. ആദ്യ ഫ്‌ളാറ്റ്‌ സമുച്ചയം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കോഴിക്കോട്‌ : ഭൂമിയില്ലാത്ത ഭവനരഹിതർക്കായി കോർപറേഷൻ പ്രഖ്യാപിച്ച ‘കോഴിക്കോടിന്റെ സ്‌നേഹക്കൂട്‌’ പദ്ധതിയിലെ ആദ്യ ഫ്‌ളാറ്റ്‌ സമുച്ചയം ശനി വൈകിട്ട്‌ നാലിന്‌ മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും. മൂഴിക്കൽ വാർഡിലെ വള്ളിയേക്കാടാണ്‌ 16 പട്ടികജാതി കുടുംബങ്ങൾക്കായി ഫ്‌ളാറ്റ്‌ നിർമിച്ചത്‌. കോർപറേഷൻ വിലയ്ക്കുവാങ്ങിയ സ്ഥലത്ത്‌ 2.2 കോടി രൂപ ചെലവഴിച്ചാണ്‌ വീടുകൾ പൂർത്തിയാക്കിയത്‌. രണ്ട്‌ കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുന്നതാണ്‌ ഫ്ലാറ്റുകള്‍.
70 സെന്റ്‌ സ്ഥലത്ത് നാല്‌ സമുച്ചയങ്ങളായാണ്‌ നിർമിതി. ഒരു സമുച്ചയത്തില്‍ നാല്‌ ഫ്ലാറ്റുകളുണ്ട്. പൂട്ടുകട്ട വിരിച്ച വിശാലമായ പാർക്കിങ് ഏരിയയും കളിസ്ഥലവും ഉൾപ്പെടും. കുടിവെള്ളത്തിനായി 34 ലക്ഷം ചെലവിൽ പ്രത്യേക  പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ സ്നേഹക്കൂട്‌ പദ്ധതി പ്രകാരം ജനകീയ പങ്കാളിത്തത്തോടെ ആയിരം വീടുകൾ നിർമിക്കുമെന്ന്‌ മേയർ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈഫ്‌ ഭവനപദ്ധതിയിൽ നിലവിൽ ഭൂരഹിത–ഭവനരഹിതരായി അയ്യായിരത്തിലധികം ഗുണഭോക്താക്കളുണ്ട്‌. സംസ്ഥാന സർക്കാരിന്റെ ‘മനസ്സോടിത്തിരി മണ്ണ്‌’ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയാണ്‌ കോഴിക്കോടിന്റെ സ്‌നേഹക്കൂട്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ബേപ്പൂരിൽ 94 കുടുംബങ്ങൾക്കായി ഫ്‌ളാറ്റ്‌ സമുച്ചയം പണിയുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്‌. ഒരു ചതുരശ്ര അടി 3500 രൂപയ്‌ക്ക്‌ സ്‌പോൺസർ ചെയ്യുന്ന ചലഞ്ചായാണ്‌ പദ്ധതി നടപ്പാക്കുക.  ഇതിലേക്ക്‌ ഒരുകോടി രൂപ വരെ നൽകാൻ സന്നദ്ധത അറിയിച്ചവരുണ്ട്‌.
സൗജന്യമായി ഭൂമി നൽകാൻ താൽപ്പര്യം അറിയിച്ചവരുമുണ്ട്‌. പദ്ധതിക്കായി പ്രത്യേക അക്കൗണ്ടും സമിതിയും നിലവിൽവരും. ആർക്കിടെക്ടുമാരുടെ പങ്കാളിത്തത്തോടെ അതിമനോഹരമായ രൂപകൽപ്പനയാണ്‌ ഇതിനായി തയ്യാറാക്കുക.  ലൈഫിൽ ഇതിനകം 4823 ഗുണഭോക്താക്കൾക്ക് വീടുനൽകുന്നതിനുള്ള പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ഇതിൽ 4323 ഗുണഭോക്താക്കൾ കരാർ ഒപ്പുവച്ചു. 2500 വീടുകൾ പൂർത്തിയായി. ശേഷിച്ചവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. വാർത്താസമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ പി സി രാജൻ, പി ദിവാകരൻ, കൗൺസിലർമാരായ എം പി ഹമീദ്‌, വരുൺ ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു
Share news