ആവേശക്കടലായി കോഴിക്കോടിൻ്റെ നാടും നഗരവും; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം
.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. ജാഥാ സ്വീകരണത്തിലും പൊതുയോഗത്തിലും വൻ ജനാവലി അണിനിരന്നു. വികസന മുന്നേറ്റ ജാഥയിലെ കോഴിക്കോട്ടെ രണ്ടാം ദിനത്തിൽ ആവേശകരമായ സ്വീകരണമാണ് എല്ലാ മണ്ഡലങ്ങളിൽ നിന്നും ലഭിച്ചത്.
പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, വടകര നിയോജക മണ്ഡലങ്ങളിലായിരുന്നു ജാഥയുടെ പര്യടനം. വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്രയുടെ അകമ്പടിയോടെയായിരുന്നു ജാഥാ സ്വീകരണം. അണ മുറിയാത്ത ജനപ്രവാഹമായിരുന്നു എല്ലാ മണ്ഡലങ്ങളിലും.

കഴിഞ്ഞ 10 ബജറ്റിലും മോദി സർക്കാർ കേരളത്തെ തഴഞ്ഞു. ആകെ തന്നത് ആമയും, ആമ മുട്ടയും മാത്രം. പോറ്റി ശബരിമലയിൽ കയറിയത് കെ. സി വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ്. പാരഡി ഗാനം ഇപ്പോൾ വേദികളിൽ കോൺഗ്രസ് പാടുന്നില്ല. കടകംപള്ളിയെ ചോദ്യം ചെയ്തപ്പോൾ, കടകംപള്ളിയുടെ വീട്ടിലേക്ക് പ്രകടനം നടത്തിയ BJP നേതൃത്വം, ഇപ്പോൾ എന്തുകൊണ്ട് അടൂർ പ്രകാശിന്റെ വീട്ടിലേക്ക് മാർച്ച് നടത്താത്തതെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

കേരളത്തിൻ്റെ വികസനത്തെക്കുറിച്ച് തുറന്നു ചർച്ച നടത്താൻ വി ഡി സതീശന് ഭയമാണ്. നുണ പറയുന്ന രോഗമാണ് വി ഡി സതീശന്. ഇത്രയും നുണ പറയുന്ന പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. ഞായറാഴ്ച കൊയിലാണ്ടിയിൽ നിന്നാരംഭിക്കുന്ന ജാഥ എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തും. കോഴിക്കോട് നോർത്ത് – കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ സംയുക്തമായാണ് പൊതുയോഗം സംഘടിപ്പിക്കുക.




