KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസ്: ഇരയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസ്: ഇരയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി. അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ ഡിഎംഇ പ്രിൻസിപ്പലിന് നിർദേശം നൽകുകയായിരുന്നു. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെ യുവതി പരാതി നൽകുകയും ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ അഞ്ചു പേരെയും പിന്നീട് തിരിച്ചെടുത്തു.

എൻ. കെ. ആസിയ, ഷൈനി ജോസ്, വി. ഷലൂജ, പി. ഇ. ഷൈമ, പ്രസീദ മനോളി എന്നിവരെയാണ് തിരിച്ചെടുത്തിരുന്നത്. ഇതിനെതിരെ അതിജീവിതയും മനുഷ്യാവകാശ പ്രവർത്തകരും നൽകിയ പരാതിയെ തുടർന്നാണ് അഞ്ച് പേരുടെയും സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കിയത്.

Advertisements

നടപടിയിൽ ആശ്വാസമുണ്ടെന്ന് അതിജീവിത പറഞ്ഞു. യുവതിയുടെ തുടർന്നുള്ള പോരാട്ടങ്ങൾക്കും പിന്തുണ നൽകുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് പ്രതികരിച്ചു. മാർച്ച് പതിനെട്ടിനാണ് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ അറ്റൻഡർ എം എം ശശീന്ദ്രൻ പീഡനത്തിന് ഇരയാക്കിയത്.