KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സിറ്റി പോലീസും സി.ആർ.സിയും ഭിന്നശേഷി ശാക്തീകരണവും ഇൻക്ലൂഷനും സംഘടിപ്പിച്ചു

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് സിറ്റി പോലീസും കോംപസിറ്റ് റീജിയണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (സി.ആർ.സി) ഉം ഭിന്നശേഷി ശാക്തീകരണവും ഇൻക്ലൂഷനും ലക്ഷ്യമാക്കി കൈകോർത്തു. ദേശീയോദ്ഗ്രഥന ഗാനമായ “സാരേ ജഹാൻസെ അച്ഛാ” എന്ന ഗാനം പോലീസ് ഉദ്യോഗസ്ഥരും, സി.ആർ.സി. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും സ്റ്റുഡന്റ് പോലീസ് കേഡറ്റ്സും ആംഗ്യഭാഷയിൽ ആലപിച്ചു.
ഡിസംബർ 8 (ഞായറാഴ്ച) ന് വൈകുന്നേരം നാലുമണിയ്ക്ക്, മാനാഞ്ചിറ മൈതാനത്ത് 3000 ത്തോളം പേർ പങ്കെടുത്ത പരിപാടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് എം.എൽ.എ. അഹമ്മദ് ദേവർ കോവിൽ ആധ്യക്ഷത വഹിച്ചു. കേരള നോർത്ത് സോൺ ഐ.ജി.പി. കെ. സേതുരാമൻ ഐ.പി.എസ്. മുഖ്യാതിഥി ആയിരിന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ നാരായണൻ ടി. ഐ.പി.എസ്, സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജിലി കെ.എൻ, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അങ്കിത് കുമാർ സിംഗ് ഐ.പി.എസ്, പോലീസ്  അസിസ്റ്റന്റ് കമ്മീഷണർമാരായ ഉമേഷ് എ, വിനോദൻ കെ.കെ, സുരേഷ്, കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, കേരള പോലീസ് ഓഫീസർ അസോസിയേഷൻ ഡിസ്ട്രിക്ട് പ്രസിഡണ്ട് ആഗേഷ് കെ.കെ.  തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.  
ഇത്തരമൊരു മാതൃകാപരമായ പരിപാടിയ്ക്കായി ബൃഹത്തായ മുന്നൊരുക്കമാണ് പോലീസും സി.ആർ.സിയും നടത്തിയിരുന്നത്. ജില്ലയിലെ 36 സ്കൂളുകളിലുള്ള എല്ലാ എസ്.പി.സി. കേഡറ്റുകൾക്കും അവിടുത്തെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊലീസും സി.ആർ.സി യും പരിശീലനം നൽകിയിരുന്നു. ഭിന്നശേഷി ശാക്തീകരണം ലക്ഷ്യമാക്കി പോലീസും സി. ആർ.സി യും മുൻപും വിവിധ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലെ ഓരോ സ്റ്റേഷനിലെയും നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് വീതം അടിസ്ഥാന ആംഗ്യഭാഷ പരിശീലനവും ഭിന്നശേഷി ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള പരിശീലന പരിപാടികളുമെല്ലാം നടത്തിയിരുന്നു. മുൻപ് ഇതേ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ദേശീയോദ്ഗ്രഥന ഗാനാലാപനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.
Share news