കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാലയ പ്രതിഭകളുടെ അമ്മമാരെ ആദരിച്ചു
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ മാതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സപ്തശക്തി സംഗമം എം. ടി. വിലാസിനി ടീച്ചർ (റിട്ട: ഹെഡ്മിസ്ട്രസ്സ് ജിജിഎച്ച്എസ് കൊയിലാണ്ടി) ഉദ്ഘാടനം ചെയ്തു. സ്ത്രീകളിൽ നിറഞ്ഞു നിൽക്കുന്ന സപ്തശക്തികളെപ്പറ്റിയും കുടുംബ ജീവിതത്തെപ്പറ്റിയും രാജലക്ഷ്മി ടീച്ചർ (റിട്ട: പ്രിൻസിപ്പാൾ പൊയിക്കാവ് ഹയർ സെക്കണ്ടറി) സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ: ബബിത മാരാമുറ്റം സംസാരിച്ചു.

ഈ വർഷം വിദ്യാലയത്തിൽ നിന്നും സംസ്ഥാന തലത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥികളുടെ അമ്മമാരെയും മാതൃസമിതി ഷാളണിയിച്ച് ആദരിച്ചു.
അമ്മമാർ ശക്തി പ്രാപിക്കണമെന്നും ആത്മധൈര്യം നേടണമെന്നും ഇത് മക്കളിലേക്ക് പകർന്നു കൊടുക്കണമെന്നും അമ്മമാരെ ആദരിച്ചുകൊണ്ട് ലളിത ടീച്ചർ (റിട്ട. പ്രിൻസിപ്പാൾ പയിമ്പ്ര ഹയർ സെക്കണ്ടറി) സംസാരിച്ചു. മാതൃ സമിതി അംഗങ്ങളായ കൊയിലാണ്ടി നഗരസഭയിലെ പുതിയ കൌൺസിലർമാരായ നിമിഷ ചെറിയമങ്ങാട്, പ്രിയങ്ക വിരുന്നുകണ്ടി എന്നിവരെയും അനുമോദിച്ചു. ചടങ്ങിൽ ഹരിത പ്രശോഭ്, അതുല്യ, നിമിഷ ചെറിയമങ്ങാട്, സജിനി ഏഴുകുടിക്കൽ, ശൈലജ ടീച്ചർ എന്നിവർ സംസാരിച്ചു.




