KOYILANDY DIARY

The Perfect News Portal

കൂളിമാട് പാലം 31ന് തുറന്നു കൊടുക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടാൻ കൂളിമാട് പാലം. കോഴിക്കോട്, – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം 31ന് തുറന്നുകൊടുക്കും. വൈകിട്ട് നാലിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.
2016-–-17 ബജറ്റിൽ പ്രഖ്യാപിച്ച പാലത്തിന്റെ പ്രവൃത്തി 2019ൽ അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണനാണ്‌ ഉദ്ഘാടനം ചെയ്തത്‌. കിഫ്ഫി അനുവദിച്ച 25 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.
309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ളവ കര ഭാഗത്തുമാണ് നിർമിച്ചത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുമുണ്ട്‌.
Advertisements
2019ൽ പ്രളയത്തെ തുടർന്ന് പ്രവൃത്തി തടസപ്പെട്ടിരുന്നു. കഴിഞ്ഞവർഷം മേയിൽ  മപ്രം ഭാഗത്തെ ബീമുകൾ തകർന്നുവീണിരുന്നു. സംഭവത്തിൽ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിനെതിരെ സർക്കാർ നടപടിയെടുത്തു. മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് തുടർ നിർമാണം വേ​ഗത്തിൽ പൂർത്തിയാക്കി.