വയനാട് തുരങ്കപാതയ്ക്ക് കൊങ്കൺ റെയിൽവേ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു
മുക്കം: വയനാട് തുരങ്കപാതയ്ക്ക് കൊങ്കൺ റെയിൽവേ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. ഇതോടെ കടമ്പകൾ ഓരോന്നായി മറികടന്ന് കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലബാറിന്റെ അഭിമാന പദ്ധതി യാഥാർത്ഥ്യത്തോടടുക്കുകയാണ്. 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇരട്ട തുരങ്കപാത നിർമ്മാണം, 93.12 കോടി ചെലവ് കണക്കാക്കുന്ന ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ മേജർ ആർച്ച് പാലം–-നാലുവരി സമീപന റോഡ് നിർമാണം എന്നിങ്ങനെ രണ്ട് സീരീസായാണ് ടെൻഡർ ക്ഷണിച്ചത്.

പാലത്തിന്റെയും സമീപന റോഡിന്റെയും ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19ഉം ഇരട്ട തുരങ്കപാതയുടേത് ഫെബ്രുവരി 23 ഉം ആണ്. അടുത്ത മാർച്ചോടെ നിർമ്മാണ കമ്പനിയെ കണ്ടെത്തി പദ്ധതി ആരംഭിക്കാനാണ് കൊങ്കൺ റെയിൽവേ കോർപറേഷന്റെ ശ്രമം. നാലുവർഷമാണ് നിർമ്മാണ കാലാവധി. ഡിസംബറിൽ ടെൻഡർ നടപടി ആരംഭിച്ച് മാർച്ചിൽ പ്രവൃത്തി തുടങ്ങി നാലു വർഷത്തിനകം പൂർത്തിയാക്കാൻ കഴിയുംവിധം പ്രവൃത്തി വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

തുരങ്കപാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക ഉടൻ വിതരണംചെയ്യും. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾകൂടി സ്വരൂപിച്ചു കഴിഞ്ഞാൽ നടപടി പൂർത്തിയാകും. 34.31 ഹെക്ടർ വനഭൂമിയാണ് പദ്ധതിക്കായി ഉപയോഗിക്കേണ്ടത്. ഏറ്റെടുക്കുന്ന വനഭൂമിക്കുപകരം വനമാക്കി മാറ്റേണ്ട ഭൂമി വനംവകുപ്പ് വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.

പാതയ്ക്ക് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ ആദ്യ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി ഔദ്യോഗികമായി ലോഞ്ചിങ് നടത്തിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാതയ്ക്ക് 2138 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചതാണ്.

