KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20ന് തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20ന് തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംപ്കോസ്) ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നടത്തുന്ന കൊയിലാണ്ടി ഫെസ്റ്റിന് ഡിസംബർ 20 ന് തുടക്കമാവും. കൊയിലാണ്ടി റെയിൽവേ മേൽ പാലത്തിന് കിഴക്ക് വശം മുത്താമ്പി റോഡിൽ പഴയ ടോൾ ബൂത്തിന് സമീപമാണ് ഫെസ്റ്റ് ഒരുങ്ങുന്നത്. 
ഗുണാകേവാണ് ഫെസ്റ്റിൻ്റെ പ്രധാന സവിശേഷത. കൊടൈക്കനാലിലെ ഗുണാ കേവിന്റെ മാതൃകയിൽ ഒരുക്കുന്ന ഇത്തരമൊരു പ്രദർശനം വടക്കേ മലബാറിന്റെ ചരിത്രത്തിൽ ആദ്യമായാണ്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷികളെ തുറന്നു വിട്ടുകൊണ്ടുള്ള പക്ഷികളുടെ അത്ഭുത ലോകമാണ് മറ്റൊരു പ്രത്യേകത. കൊയിലാണ്ടി മണ്ഡലത്തിലെ എഴാം ക്ലാസ് വരെയുള്ള 25000ത്തോളം കുട്ടികൾക്ക് സൗജ്യമായി ഫെസ്റ്റ് കാണാൻ അവസരമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി അമ്യൂസ്മെന്റ് ഉപകരണങ്ങൾ, ഫുഡ് കോർട്ട് വ്യാപാര സ്റ്റാളുകൾ, ഫാമിലി ഗെയിം, കാർഷിക നഴ്സറി എന്നിവയ്ക്ക് പുറമെ എല്ലാ ദിവസവും സ്റ്റേജ് പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മുതൽ രാത്രി 9.30 വരെ നടക്കുന്ന പ്രദർശനം ജനുവരി അഞ്ച് വരെ തുടരും.
വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് ഡിസം 20ന് വെള്ളിയാഴ്‌ച വൈകീട്ട് 4 മണിക്ക് കാനത്തിൽ ജമീല MLA ഉദ്ഘാടനം ചെയ്യും. 3 മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് വർണശബളമായ ഘോഷയാത്രയും ഉണ്ടാകും. നഗരസഭ ചെയർപേഴ്‌സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ അഡ്വ. കെ. സത്യൻ, പി. ബാബുരാജ് സി.കെ മനോജ്, എം ബാലകൃഷ്ണൻ, അഡ്വ. പി. പ്രശാന്ത്, ബിന്ദു സോമൻ, അനിൽ പറമ്പത്ത്, അനുഷ, ഷാഫി അമീർജാൻ തുടങ്ങിയവർ പങ്കെടുത്തു.
Share news