ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി – അണേല റോഡ് അടച്ചു
കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി – അണേല റോഡ് അടച്ചു. നിർമ്മാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അണേല റോഡ് അടച്ചത്. അണ്ടർപ്പാസിനായി നാട്ടുകാർ ആവശ്യം ഉയർത്തിയിരുന്നെങ്കിലും അനുവദിക്കാൻ മറ്റു മാർഗമില്ല എന്ന നിലപാടാണ് ദേശീയപാതാ അതോറിറ്റിക്ക്. ഇനി നാട്ടുകാർക്ക് സർവ്വീസ് റോഡ് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക.

കൊയിലാണ്ടി അണേല ഭാഗത്തേക്കുള്ള ബസ്സുകൾ ഇനി മുതൽ മുത്താമ്പി റോഡിലൂടെ സഞ്ചരിച്ച് മണമൽ മുക്കിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അണേല ഭാഗത്തേക്കും, തിരിച്ച് കോമത്തുകരയിലേക്കും പന്തലായനിഭാഗത്തേക്കും സർവ്വീസ് റോഡിലൂടെ സഞ്ചരിക്കാവുന്നതാണ്. അണേല റോഡിൽ (പാച്ചിപ്പാലം) ബൈപ്പാസ് റോഡിൻ്റെ ഇരു ഭാഗങ്ങളിലും ഇതിനകം ടാറിംഗ് പൂർത്തിയായിരുന്നു. ബാക്കി ഭാഗം ടാറിംഗ് പൂർത്തിയാക്കണമെങ്കിൽ റോഡ് അടക്കാതെ മറ്റ് മാർഗ്ഗം ഇല്ല എന്നത്കൊണ്ടാണ് ഇന്ന് കാലത്ത് മുതൽ റോഡ് കോൺഗ്രീറ്റ് മതിൽ സ്ഥാപിച്ച് പൂർണ്ണമായും അടച്ചത്.
