KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കൊടുവള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവനോളം സ്വര്‍ണം നഷ്ടമായി

കോഴിക്കോട് കൊടുവള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കിഴക്കോത്ത് കച്ചേരിമുക്കിലാണ് വീട്ടുകാർ പുറത്തു പോയ തക്കം നോക്കി പ്രവാസിയുടെ വീട്ടില്‍ നിന്നും 35 പവനോളം സ്വര്‍ണ്ണം മോഷ്ടാക്കൾ അപഹരിച്ചത്. കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് താളിയില്‍ മുസ്തഫയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രവാസിയായ മുസ്തഫയുടെ ഭാര്യയും മക്കളും ശനിയാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ഇന്ന് രാവിലെ മുസ്തഫയുടെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.

അടുക്കള ഭാഗത്തെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വര്‍ണ്ണം അപഹരിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണം സൂക്ഷിച്ച അലമാരയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട നിലയിലാണ്. സ്വര്‍ണ്ണം സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയെന്നാണ് സൂചന.

 

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതി ഊടുവഴിയിലൂടെ റോഡിലെത്തിയാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നാണ് സൂചന. മണം പിടിച്ച പോലീസ് നായ രണ്ട് തവണയും ഒരോ ദിശയിലാണ് സഞ്ചരിച്ചത്. അന്വേഷണം ഊർജ്ജിതമാണെന്നും പ്രതി ഉടൻ പിടിയിലാകും എന്നും കൊടുവള്ളി പൊലീസ് പറഞ്ഞു.

Advertisements