കൊച്ചിയെ നിർമിത ബുദ്ധിയുടെ ഇന്ത്യയിലെ ഹബ്ബാക്കി മാറ്റും; മന്ത്രി പി രാജീവ്

കൊച്ചി: കൊച്ചിയെ നിർമിത ബുദ്ധിയുടെ ഇന്ത്യയിലെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾഇയുടെ സെമി കണ്ടക്ടർ കമ്മ്യൂണിറ്റി മീറ്റ്അപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യത്തെ നിർമിത കോൺക്ലേവ് കൊച്ചിയിൽ ജൂലൈയിൽ സംഘടിപ്പിക്കുമെന്നും റോബോട്ടിക് ഇൻഡസ്ട്രിയിൽ ഒരു റൗണ്ട് ടേബിൾ മീറ്റ് ആഗസ്‌തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. മുപ്പതോളം സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകി കഴിഞ്ഞു. ക്യാമ്പസ് വ്യവസായ പാർക്കുകളുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഈ മാസം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ ട്രിപ്പിൾഇ കേരളഘടകം ചെയർമാൻ പ്രൊഫ. മുഹമ്മദ് കാസിം അധ്യക്ഷനായി. പി വി ജി മേനോൻ, രാജാ രാജീവ് കുമാർ, പ്രൊഫ. അലക്സ് ജെയിംസ്, അമരരാജ, ഡോ. കെ ആർ സുരേഷ് നായർ എന്നിവർ സംസാരിച്ചു.

