KOYILANDY DIARY

The Perfect News Portal

കേന്ദ്രസര്‍ക്കാരിന്റെ അവ​ഗണനക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവ​ഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക്‌ മാർച്ച്‌ നടത്തിയാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന്‌ എത്തിയത്‌. കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയരുക. നാടിന്റെ മുന്നേറ്റത്തിനായി ഡല്‍ഹി ജന്തര്‍മന്തറില്‍ ഉയരുന്ന ശബ്‌ദം ജനാധിപത്യ ഇന്ത്യയില്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വല ഏടാകും. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ്‌ സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്‌.

ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറും. ഡൽഹി സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ വ്യാഴാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്‌മകളും സംഘടിപ്പിക്കും.

 

ഡിഎംകെ പ്രതിഷേധം ഇന്ന്  

Advertisements

കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിന്‌ ഫണ്ട്‌ അനുവദിക്കാത്തിനെതിരെ ഡിഎംകെ എംപിമാർ വ്യാഴാഴ്‌ച കറുപ്പ്‌ ഷർട്ട്‌ ധരിച്ച് പ്രതിഷേധിക്കും. പാർലമെന്റ്‌ സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരിക്കും സമരം.