അര്‍ജുനായി കാത്ത് കേരളം, നദിയിലെ മണ്‍തിട്ടയില്‍ തിരച്ചില്‍

കര്‍ണാടകയിലെ അങ്കോളയിൽ നടന്ന മണ്ണിടിച്ചിലില്‍ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഗംഗാവാലി നദിയില്‍ മണ്ണിടിഞ്ഞ സ്ഥലത്താണ് തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം ഷിരൂരില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനേയും ലോറിയെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ശക്തികൂടിയ റഡാര്‍ എത്തിച്ചാണ് ഇന്ന് തിരച്ചില്‍. ബംഗളൂരുവില്‍ നിന്നാണ് റഡാര്‍ എത്തിച്ചത്. എട്ട് മീറ്റര്‍ ആഴത്തില്‍ കരയില്‍ പരിശോധന നടത്താം. ചൊവ്വാഴ്ച രാവില 8.30നാണ് അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിടിച്ചിലില്‍ അകപ്പെട്ടത്.

25 അടിയിലേറെ ആഴമുള്ള ഗംഗാവാലി പുഴയിലേക്ക് ലോറിയും മണ്ണിനൊപ്പം വീഴാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. റഡാര്‍ സിഗ്നല്‍ വെള്ളത്തില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം.

