കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം എസ്എഫ്ഐക്ക്
തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ എസ്എഫ്ഐയുടെ കെ എസ് അനിരുദ്ധൻ തന്നെ. ഹെെക്കോടതി വിധിയെ തുടർന്ന് ഇന്ന് കോളേജിൽ നടന്ന റീ കൗണ്ടിങ്ങിൽ കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ 3 വോട്ടിനാണ് അനിരുദ്ധൻ പരാജയപ്പെടുത്തിയത്. അനിരുദ്ധൻ 892 വോട്ടും ശ്രീക്കുട്ടൻ 889 വോട്ടും നേടി.

എസ്എഫ്ഐക്കെതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾക്കും നുണകൾക്കും കനത്ത തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ അറിയിച്ചു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നും ആവശ്യപ്പെട്ട് കെഎസ് യു ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാവില്ലെന്നും വോട്ടുകൾ വീണ്ടും എണ്ണാനുമാണ് കോടതി വിധിച്ചത്.

ആദ്യഘട്ട വോട്ടെണ്ണലിൽ എസ്എഫ്ഐ വിജയിച്ചത് ക്രമക്കേടിലൂടെയാണെന്ന് ആരോപിച്ച് വൻ ആക്രമണമാണ് എസ് എഫ്ഐയ്ക്ക് നേരെ നടത്തിയത്. അതേസമയം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാക്കിയെല്ലാ സീറ്റിലും എസ്എഫ്ഐതന്നെയാണ് ജയിച്ചത്. ചെയർമാൻ സ്ഥാനമാണ് കെഎസ് യു വിവാദമാക്കിയത്. ഒരുവോട്ടിന് വിജയിച്ചുവെന്നാണ് കെഎസ് യു അവകാശപ്പെട്ടിരുന്നത്. ആ കള്ളക്കഥകളാണ് റീകൗണ്ടിങ്ങിൽ മൊത്തം പൊളിഞ്ഞു വീണത്.

