ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് വ്യക്തമായ സമയക്രമം നിശ്ചയിക്കണമെന്ന് കേരളം. കൂടാതെ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിലെ അധികാരം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം വേണമെന്നും കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പുതുക്കിയ ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 200–-ാം അനുച്ഛേദത്തിൽ പറഞ്ഞതുപോലെ ബില്ലുകളിൽ ‘എത്രയും വേഗത്തിൽ’ -ഗവർണർമാർ തീരുമാനമെടുക്കണം. ‘എത്രയും വേഗത്തിൽ’- എന്നാൽ ‘പ്രായോഗികമായി സാധ്യമായ ഏറ്റവും അടുത്ത നിമിഷത്തിൽ’- എന്നാണ് അർത്ഥം. മന്ത്രിസഭയ്ക്കോ നിയമസഭയ്ക്കോ വിശദീകരണം നൽകാതെ ബില്ലുകൾ രാഷ്ട്രപതിക്ക് വിടാൻ കഴിയില്ല. ‘എത്രയും വേഗത്തിൽ’ എന്ന പ്രയോഗത്തിന് കോടതി കൃത്യമായ വ്യാഖ്യാനം നൽകണമെന്നും കേരളം വാദിച്ചു. ശൈത്യകാല അവധിക്കുശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.
വിവിധ സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ഗവർണർമാർ തീരുമാനമെടുക്കാതെ പിടിച്ചു വച്ചിരിക്കുന്നതിനാൽ, സുപ്രീംകോടതി ഇടപെട്ട് മാർഗരേഖ പുറപ്പെടുവിക്കേണ്ട സമയം അതിക്രമിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബിൽ മുന്നിലെത്തുമ്പോൾ ഗവർണർമാർക്ക് ഭരണഘടനപ്രകാരം മൂന്ന് നടപടികൾ സ്വീകരിക്കാം.
ബില്ലുകൾക്ക് അനുമതി നൽകാം, അനുമതി നൽകാതെ നിയമസഭയ്ക്ക് തിരിച്ചയക്കാം, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇവ ചെയ്യാനാകുക എന്നതിൽ ആശയക്കുഴപ്പം നിലവിലുണ്ട്. അത് മറികടക്കാൻ സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു. സ്റ്റാൻഡിങ് കോൺസൽ സി കെ ശശി മുഖേനയാണ് പുതുക്കിയ ഹർജി സമർപ്പിച്ചത്.