KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്‌ട്ര സഹകരണവേദിയിൽ തിളങ്ങി കേരളം

തിരുവനന്തപുരം: അന്താരാഷ്‌ട്ര സഹകരണവേദിയിൽ തിളങ്ങി കേരളം. ജോർദാനിൽ നടന്ന പതിനൊന്നാമത് ഏഷ്യാ–-പസഫിക്‌ കോ -ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ കേരളത്തിന്റെ സഹകരണനേട്ടങ്ങൾ അവതരിപ്പിച്ച് മന്ത്രിവി എൻ വാസവൻ. കേരളത്തിന്റെ സഹകരണ മേഖലയുടെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് ഏഷ്യാ പസഫിക്‌ കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിന്റെ പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു.

സഹകരണ നിയമഭേദഗതിയിലൂടെ നടത്തിയ പുതിയ കാൽവയ്‌പ്പുകൾ, യുവജന സഹകരണ സംഘങ്ങൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ, 2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി നടപ്പാക്കിയ കെയർ ഹോം പദ്ധതി, കോവിഡ് കാലത്ത് സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ മേഖല നടത്തിയ ഇടപെടലുകൾ തുടങ്ങിയവ മന്ത്രി വിവരിച്ചു. കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പകൾ നൽകിയതും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നൽകി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സജ്ജീകരണമൊരുക്കിയതും ആരോഗ്യരംഗത്ത് കാര്യക്ഷമമായി ഇടപെട്ടതും വിശദീകരിച്ചു.

 

ആരോഗ്യമേഖലയിൽ ഉൾപ്പെടെ കാലാനുസൃതമായ മാറ്റങ്ങളോടെ കേരളത്തിന്റെ സഹകരണ മേഖല കൂടുതൽ വൈവിധ്യവൽക്കരിക്കപ്പെടാൻ തയ്യാറാക്കിയ പദ്ധതികളും അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യുന്ന വേദിയാണ്‌ ഏഷ്യാ–-പസഫിക്‌ കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസ്‌. ഇന്ത്യയിൽനിന്ന്‌ ക്ഷണിക്കപ്പെട്ട ഏക സംസ്ഥാനമാണ്‌ കേരളം. 

Advertisements
Share news