KOYILANDY DIARY.COM

The Perfect News Portal

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം ആർ രാഘവവാരിയരെ യുവജന വായനശാല ആദരിച്ചു.

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം ആർ രാഘവവാരിയരെ ആദരിച്ചു. ചരിത്രത്തിലും സാഹിത്യത്തിലും ഒരുപോലെ അദ്വിതീയനായ ഡോ.എം ആർ രാഘവവാരിയർക്ക് വിശിഷ്ടാംഗത്വം നൽകുന്നതോടെ സാഹിത്യ അക്കാദമി തന്നെ പുരസ്കരിക്കപ്പെട്ടിരിക്കയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പറഞ്ഞു. ചേലിയ യുവജന വായനശാല സംഘടിപ്പിച്ച പരിപാടിയിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വിജയരാഘവൻ ചേലിയ ആദരഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, അഡ്വ. പി പ്രശാന്ത്, ശിവൻ കക്കാട്ട് എന്നിവർ സംസാരിച്ചു. ആദരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ മറുമൊഴിയിൽ കഠിനാദ്ധ്വാനം മാത്രമാണ് തൻ്റെ കൈമുതലെന്നും നഷ്ടപ്പെട്ടുപോയെന്ന് ഭയന്ന പ്രാചീന ലിപികളെ വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നതാണ് അഭിമാനകരമായ നേട്ടമെന്നും രാഘവവാരിയർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സര വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.
Share news