കുറ്റ്യാടി ഇറിഗേഷർ കനാലിൻ്റെ തകർന്ന നടേരി ഡിസ്ട്രിബ്യൂഷൻ കനാൽ കേരള കർഷകസംഘം നേതാക്കൾ സന്ദർശിച്ചു
കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷർ കനാലിൻ്റെ തകർന്ന് പോയ നടേരി ഡിസ്ട്രിബ്യൂഷൻ കനാൽ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു. ഇന്നലെയാണ് നടേരി നമ്പ്രത്തുകര ഡിസ്ട്രിബ്യൂഷൻ കനാൽ തകർന്ന് വിണത്. തകർച്ചയെ തുടർന്ന് കനാൽ ജലം ശക്തമായി നമ്പ്രത്ത്കര ടൗണിലും കടകളിലും വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടായതിനെ തുടർന്ന് കനാലിലെ ജലവിതരണം നിർത്തിവെക്കുകയാണുണ്ടായത്.

രൂക്ഷമായ വരൾച്ചയുടെ ഭാഗമായി കുടിവെള്ളത്തിനും കർഷകർക്ക് കൃഷിക്കാവശ്യമായ ജലലഭ്യതക്കും ക്ഷാമം നിലനിൽക്കുന്ന സമയത്താണ് ഈ അപകടം സംഭവിച്ചത്. കനാലിൻ്റെ തകർന്ന ഭാഗങ്ങൾ കർഷക സംഘം നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം പി വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു, കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി സി സതീഷ് ചന്ദ്രൻ, ഏരിയാ നേതാക്കളായ കെ അപ്പു, രാധാകൃഷ്ണൻ കൊന്നാരി, ജമാൽ, കെ.പി ഭാസ്കരൻ തുടങ്ങിയ നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്.

തകർന്നുപോയ കനാൽ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്നും, പൊതു ജനങ്ങൾക്ക് കുടിവെള്ളവും കർഷകർക്ക് കൃഷിക്ക് ആവശ്യമായ വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.


കുറ്റ്യാടി കനാലിൻ്റെ ചുമരുകൾ പല ഭാഗങ്ങളിലും പൊളിഞ്ഞ് നിൽക്കുകയാണ് . ഉന്നത ഉദ്യോഗസ്ഥരും ജനനേതാക്കളും സംയുക്ത പരിശോധന നടത്തി അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി കനാലിലൂടെയുള്ള വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.




