KOYILANDY DIARY

The Perfect News Portal

റെയിൽവേയ്‌ക്ക്‌ പണം വാരാനുള്ള ഇടം മാത്രമാണ്‌ കേരളം

റെയിൽവേയ്‌ക്ക്‌ പണം വാരാനുള്ള ഇടം മാത്രമാണ്‌ കേരളം. യാത്രക്കാരുടെ സൗകര്യങ്ങൾക്കോ സുരക്ഷിത യാത്രയ്‌ക്കോ കേരളത്തിലോടുന്ന ട്രെയിനുകളിലോ റെയിൽവേ സ്‌റ്റേഷനുകളിലോ പരിഗണനയില്ല. കുത്തിനിറച്ച്‌ ഓടുന്ന വണ്ടികളിൽ പേരിനുമാത്രമാണ്‌ സുരക്ഷ. റെയിൽവേ പൊലീസിന്റെ സാന്നിധ്യവും പല വണ്ടികളിലുമില്ല.  കേരളത്തിലൂടെ സർവീസ്‌ നടത്തുന്നവയിൽ എൽഎച്ച്‌ബി കോച്ചുകളുള്ള ട്രെയിനുകളിലും ഏതാനും മെമുവിലും മാത്രമാണ്‌ സിസിടിവി കാമറകളുള്ളത്‌. എല്ലാ ട്രെയിനുകളിലും സുരക്ഷാ കാമറകൾ സജ്ജമാക്കുന്നത്‌ കുറ്റകൃത്യം തടയുന്നതിൽ നിർണായകമാവും. റിസർവേഷൻ കോച്ചുകളിൽപോലും സിസിടിവി കാമറ ഇല്ലാത്ത പഴഞ്ചനാണ്‌ കേരളത്തിലെ ട്രെയിൻ ഗതാഗതസംവിധാനം.

ദക്ഷിണ റെയിൽവേയിൽ 557 എസി കോച്ചുകളിൽ മാത്രമാണ്‌ സിസിടിവി കാമറകളുള്ളത്‌. ഇതിൽ കുറഞ്ഞ വണ്ടികൾമാത്രമാണ്‌ കേരളത്തിന്‌. രാജ്യത്തുടനീളം 6600 കോച്ചുകളിൽ മാത്രമാണ്‌ സിസിടിവി കാമറ ഉള്ളതെന്നാണ്‌ റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ പാർലമെന്റിനെ അറിയിച്ചത്‌. ഹാൾട്ടിങ് ഒഴികെയുള്ള സ്‌റ്റേഷനുകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. സ്‌റ്റേഷൻ പ്രവേശനകവാടം മുതൽ കോച്ചുകളുടെ വാതിൽപ്പടിവരെ നിരീക്ഷണവലയത്തിലാക്കുംവിധമുള്ള സംവിധാനം ഏർപ്പെടുത്തുമെന്നാണ്‌ പ്രഖ്യാപനം. തീരുമാനം പ്രാബല്യത്തിലാകാൻ ഇനിയും ഏറെക്കാലം കാക്കേണ്ടിവരും.