KOYILANDY DIARY

The Perfect News Portal

കേരളത്തിന് ഒറ്റ സ്റ്റോറി മാത്രം, നമ്പർ വൺ കേരളം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‌ ഒറ്റ സ്റ്റോറിയേ ഉള്ളൂവെന്നും അത്‌ കേരളം നമ്പർ വൺ എന്ന യഥാർത്ഥ കേരള സ്റ്റോറിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി വർക്കലയിലും കാട്ടാക്കടയിലും കന്യാകുളങ്ങരയിലും സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മറയ്‌ക്കാനാണ്‌ കേരള സ്റ്റോറിയടക്കമുള്ള നുണകൾ പ്രചരിപ്പിക്കാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്‌.

സംഘപരിവാർ മനസ്സോടെയാണ്‌ കോൺഗ്രസിന്റെയും പ്രവർത്തനം. പൗരത്വ ഭേദഗതി നിയമത്തിൽ ആദ്യഘട്ടത്തിൽ കേരളത്തിനൊപ്പം നിന്ന കോൺഗ്രസ്‌ പിന്നീട്‌ പിന്മാറി. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമാണ്‌ ഇതിനു കാരണം. പൗരത്വ ഭേദഗതി നിയമത്തിൽ ചട്ടങ്ങൾ വന്നിട്ടും കോൺഗ്രസിന്‌ പ്രതികരണമില്ല. രാത്രി ആലോചിച്ചിട്ട്‌ പറയാമെന്ന പരിഹാസ്യ നിലപാടാണ്‌ കോൺഗ്രസ്‌ പ്രസിഡന്റിന്റേത്‌. രാഹുൽ ഗാന്ധിക്കും ഇക്കാര്യത്തിൽ അഭിപ്രായമില്ല. കോൺഗ്രസിന്റെ പ്രകടന പത്രികയിലും സിഎഎ എന്ന വാക്കില്ല.

 

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിനൊപ്പമാണ്‌ കോൺഗ്രസ്‌. തങ്ങൾക്ക്‌ എതിരാണെങ്കിൽ മാത്രമേ കോൺഗ്രസ്‌ എതിർക്കൂ. അതല്ലെങ്കിൽ കേന്ദ്ര ഏജൻസിക്കൊപ്പമാണ്‌ അവർ. കിഫ്‌ബിക്കെതിരായ ഇടപെടലിൽ ഇതാണ്‌ കോൺഗ്രസ്‌ സമീപനം. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശബ്ദിക്കാൻ യുഡിഎഫ്‌ എംപിമാർ തയ്യാറായില്ല. അവർ കേരള വിരുദ്ധ നിലപാടാണ്‌ സ്വീകരിച്ചത്‌. കേരള വിരുദ്ധ വികാരം കോൺഗ്രസിനും യുഡിഎഫിനും വന്നിരിക്കുന്നു. ഈ ശക്തികളോട്‌ കണക്ക്‌ തീർക്കണമെന്ന വികാരമാണ്‌ കേരളത്തിലുള്ളത്‌. ശക്തമായ എൽഡിഎഫ്‌ അനുകൂല തരംഗമാണ്‌ എല്ലാ മണ്ഡലത്തിലും അലയടിച്ചുയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements