ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ്; തുടക്കം വെളിച്ചെണ്ണയിലെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ് നടപ്പിലാക്കുമെന്ന് മന്ത്രി പി രാജീവ്. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്നും ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. കേരളത്തിന്റെ സ്വീകാര്യത ബ്രാൻഡിംഗിലൂടെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകരമാകും.

വെളിച്ചെണ്ണയ്ക്ക് പിന്നാലെ മറ്റ് ഉത്പന്നങ്ങളിലും ബ്രാൻഡിംഗ് നടപ്പിലാക്കും. മാനദണ്ഡമനുസരിച്ച് ഉത്പന്നങ്ങൾക്ക് കേരളത്തിന്റെ നന്മ ബ്രാൻഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്നും ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു. കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച നേട്ടമാണ് ഉണ്ടാകുന്നത്.

വിദ്യാർത്ഥികൾക്കായി സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. കെടിയു പുതുക്കിയ സിലബസിലും സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭക സഭ സംഘടിപ്പിക്കും. വ്യവസായ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.




