അവയവമാറ്റ ചികിത്സയിൽ കേരളം രാജ്യത്ത് ഒന്നാമതിലേക്ക്; കോഴിക്കോട് അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ട് ശിലാസ്ഥാപനം നാളെ
.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ്റെ ആദ്യഘട്ടത്തിലെ ശിലാസ്ഥാപന കർമ്മത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശനിയാഴ്ച രാവിലെ കോഴിക്കോട് ചേവായൂരിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നതോടെ, ട്രാൻസ്പ്ലാൻ്റ് രോഗികളെ പരിചരിക്കുന്നതിൽ, രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം എത്തും.

അവയവ തകരാറുകളുടെ ചികിത്സയ്ക്കും, അവയവ മാറ്റിവയ്ക്കലിനുമുള്ള സൗകര്യത്തിനായി, കോഴിക്കോട് ചെവായൂരിൽ 20 ഏക്കർ സ്ഥലത്താണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്ന സ്ഥാപനം ഒരുങ്ങുന്നത്. ഈ ഇൻസ്റ്റിറ്റ്യൂട്ട് ചികിത്സ, പരിശീലനം, ഗവേഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്ന പൊതുമേഖലയിലെ പൂർണ്ണ സ്വയംഭരണ സെൻ്റർ ഓഫ് എക്സലൻസായി പ്രവർത്തിക്കും. ഫേസ് 1 ൻ്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിംഗപ്പൂർ, UK, USA എന്നിവിടങ്ങളിലെ വിദഗ്ധർ അടക്കം ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധരുടെ വിപുലമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി കെട്ടിട രൂപകല്പനയും പ്ലാനുകളും ഒരുക്കിയിട്ടുണ്ട്. 299 കോടി രൂപയാണ് ആദ്യഘട്ടത്തിലെ ചെലവ്. ഇതിനുപുറമേ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. 31 അക്കാദമിക് കോഴ്സുകൾ പദ്ധതി ഇട്ടിട്ടുണ്ട്. ഇതിൽ പലതും രാജ്യതാദ്യമായിരിക്കും. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്നതായിരിക്കും.




