കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി 6ന്

കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി 6ന് സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തെ കേരളത്തിൻ്റെയും രാജ്യത്തിന്റെയും ഓട്ടോമോട്ടീവ് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാരും കോൺഫഡേറഷൻ ഓഫ് ഇൻ്റസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ്.

ആഗോളതലത്തിൽ തന്നെയുള്ള ഓട്ടോമോട്ടീവ് മാനുഫാക്ചറിങ്ങ് രംഗത്തെ അതികായരുൾപ്പെടെ പങ്കെടുക്കുന്ന സമ്മിറ്റിലൂടെ ലോകത്തിന് മുന്നിൽ സോഫ്റ്റുവെയർ ഡിഫൈൻഡ് വിഭാഗത്തിലും ഇലക്ട്രിക് വിഭാഗത്തിലും കേരളം നൽകുന്ന പിന്തുണയും മികച്ച ടാലൻ്റ് പൂളും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും മറ്റ് ഗുണമേന്മകളും പ്രദർശിപ്പിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഇക്കാര്യം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഇതിനോടകം തന്നെ സിമുലേഷൻ ആൻ്റ് വാലിഡേഷൻ മേഖലയിൽ ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായ ഡി സ്പേസ്, മുൻനിര വാഹന സോഫ്റ്റുവെയർ നിർമ്മാണ കമ്പനിയായ ആക്സിയ ടെക്നോളജീസ്, നിസാൻ ഡിജിറ്റൽ, വിസ്റ്റിയോൺ, ടാറ്റ എലക്സി തുടങ്ങി നിരവധി കമ്പനികൾ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് എന്ന കാര്യവും മന്ത്രി വ്യക്തമാക്കി. ഈ അടിത്തറ കൂടുതൽ വിപുലപ്പെടുത്തി ബഹുരാഷ്ട്ര കമ്പനികളെ തിരുവനന്തപുരത്തെത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിങ്ങ് മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തിയിട്ടുള്ള കേരളത്തിൻ്റെ വ്യവസായ നയത്തിന് അനുസൃതമായിത്തന്നെ കാര്യങ്ങൾ മുന്നോട്ടു പോകുകയാണ്. ഞങ്ങൾ മുന്നോട്ടുവെക്കുന്ന മേഖലകളിലെല്ലാം മികച്ച നിക്ഷേപങ്ങളും കേരളത്തിലേക്ക് കടന്നുവരികയാണ്. അതുകൊണ്ട് തന്നെ കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റും വലിയ വിജയമായി മാറുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

