KOYILANDY DIARY

The Perfect News Portal

തേങ്ങയിടാൻ ആളെ കിട്ടാത്തവർക്ക്‌ മൂടാടിക്കാരുടെ ‘കേര സൗഭാഗ്യ’ പദ്ധതി

കോഴിക്കോട്‌: തേങ്ങയിടാൻ ആളെ കിട്ടാത്തവർക്ക്‌ മൂടാടിക്കാരുടെ ‘കേര സൗഭാഗ്യ’ പദ്ധതി വലിയ ആശ്വാസമാവും. ആർക്കും അനുകരിക്കാവുന്ന പദ്ധതി സംസ്ഥാനത്ത്‌ തന്നെ ആദ്യത്തേതാണ്‌. വിലയിടിവും തൊഴിലാളിക്ഷാമവും മൂലം കൃത്യമായ ഇടവേളകളിൽ തേങ്ങയിടാൻ സാധിക്കാത്ത കർഷകർക്കൊപ്പം ചേരുകയാണ്‌ മൂടാടി പഞ്ചായത്ത്‌. മൂടാടി കാർഷിക കർമസേനയിൽ രജിസ്‌റ്റർ ചെയ്‌താൽ തേങ്ങയിടാൻ ആള്‌ വീട്ടിലെത്തും. കൂലിയിൽ പകുതി പഞ്ചായത്ത്‌  നൽകുമെന്നതാണ്‌ പദ്ധതിയുടെ ആകർഷണം.
കാർഷിക കർമസേനയിൽ രജിസ്‌റ്റർ ചെയ്‌തവർ തേങ്ങയിടാൻ സമയമായാൽ തെങ്ങുകളുടെ എണ്ണത്തിന്‌ ആനുപാതികമായ തുക ഓഫീസിൽ അടയ്‌ക്കണം. ഒരു തെങ്ങിന്‌ കൂലിയായി കർഷകൻ 25 രൂപ നൽകുമ്പോൾ പഞ്ചായത്തും അതേ തുക നൽകും. 33,000 തെങ്ങുകൾക്കാണ്‌ ഈ ആനുകൂല്യം. ഇതിനായി 19 ലക്ഷം രൂപ പഞ്ചായത്ത്‌ അടുത്ത വർഷത്തെ പദ്ധതിവിഹിതത്തിൽ മാറ്റിവയ്‌ക്കും. തെങ്ങിന്‌ വളപ്രയോഗം ഉൾപ്പെടെയുള്ള പദ്ധതികൾക്ക്‌ മാറ്റിവച്ച തുകയിൽനിന്ന്‌ ബാക്കിയാവുന്ന പണവും ആവശ്യമെങ്കിൽ അധികമായി ചെലവഴിക്കും.
Advertisements
കൃഷി ഓഫീസറാണ്‌ നിർവഹണ ഉദ്യോഗസ്ഥ. അപേക്ഷ നൽകി ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്താക്കൾക്ക്‌ പദ്ധതിയിൽ ചേരാം. തെങ്ങുകയറ്റ തൊഴിലാളികൾക്കും പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യാം. അപകട ഇൻഷുറൻസ്‌  ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇവർക്ക്‌ ഏർപ്പെടുത്തും. കൂലി ബാങ്ക്‌ അക്കൗണ്ടിലൂടെ ആഴ്‌ചയിലോ മാസശമ്പളമായോ നൽകും.
നാളികേര വിലയിടിവിൽ കർഷകർക്കുവേണ്ടി എന്ത്‌ ചെയ്യാനാവും എന്ന ചിന്തയിൽ നിന്നാണ്‌ ഈ പദ്ധതി ഉണ്ടായതെന്നും തെങ്ങുകൃഷിയെയും കർഷകനെയും തൊഴിലാളികളെയും ഒരുപോലെ ചേർത്തുനിർത്തുന്നതാണ്‌ ഈ സങ്കൽപ്പമെന്നും- പഞ്ചായത്ത്‌ പ്രസിഡണ്ട് സി കെ ശ്രീകുമാർ പറഞ്ഞു.