KOYILANDY DIARY

The Perfect News Portal

മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്നം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്നം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. രണ്ട് ഇൻസിനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായതു കാരണം മാലിന്യനീക്കം സ്തംഭിച്ചെന്ന പരാതി അന്വേഷിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലായ് 14-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി, മാതൃ-ശിശു സംരക്ഷണകേന്ദ്രം, പി.എം.എസ്.എസ്. വൈ ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി, ക്യാൻസർ സെന്റർ തുടങ്ങിയ ചികിത്സാ കേന്ദ്രങ്ങളിലെയും പന്ത്രണ്ടോളം ഹോസ്റ്റലുകളിലെയും മാലിന്യങ്ങൾ സംസ്കരിക്കാനെത്തിക്കുന്നത് ഇവിടെയാണ്. ഒരു ദിവസം 4500 കിലോ മാലിന്യം ഇങ്ങനെയെത്തിക്കുന്നുണ്ട്.
നിലവിൽ പ്രവർത്തിക്കുന്ന ഇൻസിനറേറ്ററിൽ മണിക്കൂറിൽ 180 കിലോ മാലിന്യമാണ് സംസ്കരിക്കാൻ കഴിയുക. അവശേഷിക്കുന്നവ കുന്നുകൂടി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. രാത്രികാലങ്ങളിൽ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ കഴിയാറില്ല. മാലിന്യസംസ്കരണം പ്രതിസന്ധിയിലായതോടെ ആശുപത്രിക്ക് സമീപവും മാലിന്യച്ചാക്കുകൾ നിറന്ന അവസ്ഥയാണ്.