കഞ്ചാവ് വില്പനക്കിടെ കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 59 ഗ്രാം കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിലായി. പാളയം പഴയ സ്റ്റാൻറിൽ വെച്ച് വ്യാഴാഴ്ച രാത്രി പോലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ച കാസർഗോഡ് പടന്ന സ്വദേശിയായ എൻ ബി ഹൌസിൽ അബ്ദുള്ള (34) എന്നയാളെ കസബ ASI യും സംഘവും ചേർന്ന് പിടികൂടിയത്. കോഴിക്കോട് പാളയം, കോട്ടപറമ്പ്, മാനാഞ്ചിറ തുടങ്ങി സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മറ്റും കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പ്രതി.

ചില്ലറ വിൽപ്പനക്കായി 6 ചെറിയ പൊതികളായിട്ടാണ് കഞ്ചാവ് കയ്യിൽ സൂക്ഷിച്ചിരുന്നത്. പ്രതിക്ക് കസബ, ചോമ്പാല, കാസർഗോഡ് ചന്തേര എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ്സുകൾ നിലവിലുണ്ട്. കസബ പോലീസ് സ്റ്റേഷനിലെ ASI രാജേഷ്.പി, SCPO രതീഷ്, CPO ജിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
