KOYILANDY DIARY

The Perfect News Portal

‘കരുതൽ 2023’ വിദ്യാർത്ഥികൾക്ക് കെഎസ്‌ടിഎയുടെ പുതിയ പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക എന്ന ഉദ്ദേശവുമായി കെഎസ്‌ടിഎയുടെ പുതിയ പദ്ധതി കരുതൽ 2023 മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കുട്ടികൾക്കെല്ലാം തുല്യനീതി ഉറപ്പുവരുത്തുക എന്നത് അതിപ്രധാനമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ഓരോ കുട്ടിയുടെയും സവിശേഷ ശേഷികൾ പരമാവധിയിൽ എത്തിക്കാനും പരിമിതികൾ മറികടക്കാനും സഹായിക്കാനുള്ള ഉത്തരവാദിത്വം അധ്യാപക സമൂഹം ഏറ്റെടുക്കണം. സംസ്ഥാനത്തെ എൽപി, യുപി സ്കൂൾ വിദ്യാർത്ഥികളുടെ അടിസ്ഥാനശേഷികളെ കൂടുതൽ മെച്ചമാക്കാൻ കെഎസ്ടിഎയുടെ ഇടപെടലിലൂടെ കഴിയും. കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Advertisements

ആ​ഗസ്ത് ഒന്നുമുതൽ നവംബർ 30 വരെയാണ് കരുതൽ 2023ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ യജ്ഞം. 30 മണിക്കൂർ ഉൾക്കൊള്ളുന്ന മൊഡ്യൂളാണ് തയ്യാറാക്കിയിരിക്കുന്നത്. സ്കൂൾ സമയത്തിന് പുറമെയുള്ള അധിക സമയവും അവധി ദിനങ്ങളും ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. തിരുവല്ലം വാഴമുട്ടം ഗവ. ജിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ കെഎസ്‌ടിഎ പ്രസിഡണ്ട് ഡി സുധീഷ് അധ്യക്ഷനായി.

Advertisements

സ്വാഗതസംഘം ചെയർമാൻ പി എസ് ഹരികുമാർ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സംസ്ഥാന ട്രഷറർ ടി കെ ഷാഫി, സംസ്ഥാന സെക്രട്ടറി എ നജീഷ്, ജില്ലാ സെക്രട്ടറി സിജോവ് സത്യൻ, പ്രസിഡണ്ട് വിദ്യ വിനോദ്, സി രാമകൃഷ്ണൻ, കെ ജി സനൽകുമാർ, കൗൺസിലർമാരായ ഡി ശിവൻകുട്ടി, വി പ്രമീള, സ്കൂൾ പിടിഎ പ്രസിഡണ്ട് അനീഷ് കുമാർ, ഹെഡ്മിസ്ട്രസ് ജി എസ് ശ്രീജ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.