വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു

കൊയിലാണ്ടി: വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു. ഐശ്വര്യത്തിന്റെയുംകാർഷിക സമൃദ്ധിയുടേയും ഓർമ്മകൾ പുതുക്കിയെത്തുന്ന വിഷുപ്പുലരിക്ക് ഇനി നാളുകൾ മാത്രം. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻകണിയൊരുക്കി വന്നെത്തുന്ന വിഷുദിനത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ.

വിഷു ദിനവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. “വിഷു “എന്ന വാക്കിനർത്ഥം തുല്യം എന്നാണ്. രാവും പകലും തുല്യമായ ദിനം കൂടിയാണ് വിഷു ദിനം. വിവിധ സംസ്ഥാനങ്ങളിൽ പല പേരുകളിലാണ് വിഷു ആഘോഷിക്കുന്നത് തമിഴ്നാട്ടിൽ “പുത്താണ്ടു”, അസമിൽ “ബിഹു “, ഒറീസയിൽ “വിഷു സംക്രാന്തി “, പഞ്ചാബിൽ “ബൈശാഖി ” എന്നിങ്ങനെ. മേടപ്പുലരിയിൽ കണ്ണനെ കണി കണ്ടുണരാൻ മലയാളികൾക്ക് കണിക്കൊന്ന ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.

കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലെന്ന പോലെ നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും കായ്കനികളും കണ്ണാടിയും കോടിമുണ്ടും നാണയത്തുട്ടുകളുമെല്ലാം നിരത്തിവെച്ചാണ് കണിയൊരുക്കുക. പുലർച്ചെ നിലവിളക്ക് തെളിച്ചാണ് പൊൻകണിയിലേക്ക് മലയാളികൾ മിഴി തുറക്കുന്നത്.

വിഷുവിൻ്റെ വരവറിയിച്ചു കൊണ്ട് നാട്ടുവഴികളിലും പറമ്പുകളിലും നേരത്തെ തന്നെ കണിക്കൊന്നകൾ പൂത്തുലഞ്ഞു കഴിഞ്ഞു. പലയിടങ്ങളിലും ആഴ്ചകൾക്ക് മുമ്പ് തന്നെ പൂവിട്ട കൊന്നകൾ വേനൽമഴയിൽ പൊഴിഞ്ഞതിനാൽ ഇത്തവണ കൊന്നപ്പൂവുകൾക്ക് വിപണിയിലും ക്ഷാമമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

